ഗായിക മഞ്ജരി വിവാഹിതയാകുന്നു; വരൻ ജെറിൻ
ഇളയരാജ മലയാളികൾക്ക് സമ്മാനിച്ച ശബ്ദമാണ് മഞ്ജരി. ഒട്ടേറെ ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ മഞ്ജരി വിവാഹിതയാകുകയാണ്. ബാല്യകാല സുഹൃത്ത് ജെറിൻ ആണ് വരൻ. പത്തനംതിട്ട സ്വദേശിയായ ജെറിൻ ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജർ ആണ്.
നാളെ തിരുവനന്തപുരത്ത് സ്വകാര്യചടങ്ങിലാണ് വിവാഹം. അതിനുശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വിരുന്ന് സത്ക്കാലം നടത്തും. വിവാഹ ഒരുക്കങ്ങളുടെ ചിത്രങ്ങളും വിഡിയോകളുമെല്ലാം മഞ്ജരി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
സത്യൻ അന്തിക്കാട് ചിത്രമായ ‘അച്ചുവിന്റെ അമ്മ’യിലൂടെ ഇളയരാജയാണ് മഞ്ജരിയെ സംഗീത ലോകത്തേക്ക് എത്തിച്ചത്. മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ മഞ്ജരിക്ക് കുറഞ്ഞ സമയത്തിനുള്ളിൽ സാധിച്ചിരുന്നു. സിനിമാ ഗാനങ്ങൾക്ക് പുറമെ ആൽബങ്ങളിലും മഞ്ജരി പാടിയിട്ടുണ്ട്. അഞ്ഞൂറിലധികം മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും നിരവധി ആൽബങ്ങളും മഞ്ജരി പാടി. ഗസൽ ഗായിക എന്ന നിലയിലും മഞ്ജരി ജനശ്രദ്ധ നേടി.
മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മഞ്ജരിക്ക് രണ്ടുതവണ ലഭിച്ചിട്ടുണ്ട്. 2004-ൽ മകൾക്ക് എന്ന ചിത്രത്തിലെ ‘മുകിലിൻ മകളേ’ എന്ന ഗാനത്തിനും 2008-ൽ വിലാപങ്ങൾക്കപ്പുറത്തെ ‘മുള്ളുള്ള മുരിക്കിന്മേൽ’ എന്ന ഗാനത്തിനുമായിരുന്നു ലഭിച്ചത്. പിന്നണി ഗായിക എന്നതിലുപരി അവതാരകയുമാണ് മഞ്ജരി. ഗസൽ കച്ചേരികൾക്കായി അവർ സ്വന്തമായി ബാൻഡ് രൂപീകരിക്കുകയും ഇന്ത്യയിലും വിദേശത്തുമായി വിവിധ വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഹിന്ദുസ്ഥാനി സംഗീതത്തിലും അഗ്രഗണ്യയാണ് ഗായിക.
Story highlights- manjari getting married to childhood friend