ഒന്നിച്ചുപാറി ദശലക്ഷക്കണക്കിന് മിന്നാമിനുങ്ങുകൾ; മനോഹര കാഴ്ചകാണാൻ സഞ്ചാരികൾക്കും അവസരം

June 2, 2022

ശരീരത്തിൽ ഒരു നുറുങ്ങുവെട്ടവുമായി പാറിപറക്കുന്ന മിന്നാമിനുങ്ങുകൾ എന്നും കാഴ്ചക്കാരിൽ വിസ്മയം നിറയ്ക്കാറുണ്ട്. എന്നാൽ പതിനായിരക്കണക്കിന് മിന്നാമിനുങ്ങുകൾ ഒന്നിച്ചു പറക്കുന്ന മനോഹരമായ കാഴ്ചയെപ്പറ്റി ചിന്തിക്കാറുണ്ടോ… എങ്കിൽ അത്തരത്തിൽ മനോഹരമായ കാഴ്ച ഒരുക്കുന്ന സ്ഥലമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിൽ മുംബൈയോട് ചേർന്നുള്ള വിവിധയിടങ്ങളില്‍ മിന്നാമിനുങ്ങ് ഉത്സവം നടത്താറുണ്ടത്രെ. എല്ലാ വര്ഷവും മൺസൂൺ ആരംഭിക്കുന്നതിന് മുൻപായാണ് ഈ ഉത്സവം സംഘടിപ്പിക്കുക. ജൂൺ ആദ്യആഴ്ച്ചയിൽ സംഘടിപ്പിക്കുന്ന ഫയർഫ്‌ളൈസ് ഫെസ്റ്റിവൽ ഏകദേശം ഒരു മാസത്തോളം നീണ്ടുനിൽക്കും.

അതേസമയം മിന്നാമിനുങ്ങ് ഫെസ്റ്റിവലിൽ ഇവിടേക്ക് സഞ്ചാരികൾക്ക് എത്തുന്നതിനും ഇത് ആസ്വദിക്കുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ മിന്നാമിനുങ്ങൾക്കൊപ്പം സഞ്ചരിക്കുന്നതിനായി ട്രെക്കിങ്ങ്, ഹൈക്കിംഗ്, ക്യാമ്പിംഗ്, ഫയര്‍ഫ്ലൈ വോക്കിംഗ് തുടങ്ങിയ സംവിധാനങ്ങളും ഇവിടെ ഒരുക്കാറുണ്ട്.

Read also: വർഷങ്ങളോളം ഒരേ ഇടത്തിൽ ജോലി ചെയ്തിട്ടും തിരിച്ചറിഞ്ഞില്ല, 20 വർഷങ്ങൾക്ക് ശേഷം സ്വന്തം അമ്മയെ കണ്ടെത്തി മകൻ…

എല്ലാ വർഷവും ഇവിടെ മിന്നാമിനുങ്ങ് ഫെസ്റ്റിവൽ നടത്താറുണ്ട്. ഇന്ത്യയിൽ ഈ പശ്ചിമഘട്ട പ്രദേശങ്ങളിലാണ് പൊതുവെ മിന്നാമിനുങ്ങുകൾ ധാരാളമായി ഉണ്ടാവാറുള്ളത്. മൺസൂൺ മാസത്തിന് മുൻപായാണ് ഇവ ഇണകളെ ആകര്ഷിക്കുന്നതും മുട്ടയിടുന്നതും. ഇണകളെ ആകർഷിക്കുന്നതിനായി മിന്നാമിനുങ്ങുകൾ തങ്ങളുടെ ശരീരത്തിൽ ഒരു പ്രത്യേക തരം പ്രകാശം പുറപ്പെടുവിക്കും. ഇണചേരലിനായി ആണ്‍ വര്‍ഗ്ഗത്തില്‍പ്പെട്ട മിന്നാമിനുങ്ങുകള്‍ അവയുടെ ശരീരത്തിൽ ഒരു ബയോലുമിനസെന്റ് ഗ്ലോ ഉപയോഗിച്ച് പെണ്‍ മിന്നാമിന്നികളെ ആകര്‍ഷിക്കാന്‍ പ്രകാശം പുറത്തേക്ക് വിടുന്നു. ഈ സമയത്ത് പെൺ മിന്നാമിനുങ്ങുകൾ തിരിച്ചും ഒരു ലൈറ്റിംഗ് പാറ്റേണ്‍ ഡിസ്‌പ്ലേ ഉപയോഗിച്ച് ആൺ മിന്നാമിനുങ്ങുകളുമായി സംവദിക്കുന്നു. പരസ്പരം ആകർഷിക്കപ്പെടുന്ന ഇവ തമ്മിലുള്ള പ്രണയ നിമിഷങ്ങൾ ഇവിടെത്തുന്ന സഞ്ചാരികൾക്ക് മുഴുവൻ മനോഹരമായ കാഴ്ചയാണ് നൽകുന്നത്. അതേസമയം ഇവയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയതിന് ശേഷമാണ് ആളുകളെ ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്.

മിന്നാമിനുങ്ങുകളുടെ ജീവിതത്തിന്റെ കൂടുതൽ കാലഘട്ടവും ഇവ ശുദ്ധജലത്തിലാണ് ജീവിക്കുന്നത്. ശുദ്ധജലത്തിൽ കഴിയുന്ന ഇവ ഇണചേരുമ്പോഴുള്ള ‘നൃത്തം’ കാണുന്നതിനായി ഇവിടേക്ക് നിരവധി സഞ്ചാരികളും എത്താറുണ്ട്.

Story highlights:  Millions of fireflies shine in mysterious magic