“പ്രമദ മരമോ..അതേത് മരം”; മിയക്കുട്ടിയുടെ മറുപടി കേട്ട് ചിരിയടക്കാൻ കഴിയാതെ ജഡ്‌ജസ്

June 20, 2022

പാട്ട് വേദിയിലെ കൊച്ചു പാട്ടുകാർക്കൊക്കെ വലിയ ആരാധകരാണ് പ്രേക്ഷകർക്കിടയിലുള്ളത്. അത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കുഞ്ഞ് പാട്ടുകാരിയാണ് മിയ. കുറുമ്പും കുസൃതിയും നിറച്ച മിയക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. വാക്കുകൾ കൃത്യമായി ഉച്ഛരിച്ച് തുടങ്ങും മുൻപ് തന്നെ പാട്ട് പാടി കൈയടി നേടിത്തുടങ്ങിയതാണ് ഈ കുഞ്ഞുഗായിക.

പ്രശസ്‌ത നടൻ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്‌ത്‌ അഭിനയിച്ച ‘കേൾക്കാത്ത ശബ്‌ദം’ എന്ന ചിത്രത്തിലെ “കന്നിപ്പൂമാനം കണ്ണും നട്ടു ഞാൻ..” എന്ന് തുടങ്ങുന്ന ഗാനം വേദിയിൽ പാടാൻ എത്തിയതാണ് മിയക്കുട്ടി. ജോൺസൺ മാഷ് സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ദേവദാസാണ്. അതിമനോഹരമായി ഈ ഗാനം ആലപിച്ച് ജഡ്‌ജസിന്റെ കൈയടി ഏറ്റുവാങ്ങിയിരിക്കുകയാണ് മിയക്കുട്ടി.

മിയക്കുട്ടിയുടെ ആലാപനത്തിന് ശേഷം വേദിയിൽ കുഞ്ഞുപാട്ടുകാരിയും ജഡ്‌ജസും തമ്മിൽ നടന്ന സംഭാഷണമാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത്. പാട്ടിന് ശേഷം ഇനി അടുത്ത തവണ വരുമ്പോൾ മറ്റൊരു പാട്ട് പഠിച്ചിട്ട് വരുമോ എന്ന് ചോദിക്കുകയായിരുന്നു എം ജയചന്ദ്രൻ. അങ്ങനെ ചെയ്യാമെന്ന് മിയക്കുട്ടി ഉറപ്പ് കൊടുത്തപ്പോഴാണ് “ഹരിമുരളീരവം” പഠിച്ചിട്ട് വരണമെന്ന് ഗായകൻ പറയുന്നത്.

അതല്ലെങ്കിൽ “പ്രമദവനം” പഠിച്ചിട്ട് വന്നാലും മതിയെന്ന് എം ജയചന്ദ്രൻ കൂട്ടിച്ചേർത്തു. പാട്ട് ഏതാണെന്ന് മനസ്സിലാകാത്ത മിയക്കുട്ടി ‘പ്രമദ മരമോ’ എന്ന് ചോദിക്കുകയായിരുന്നു. ഇതോടെ വേദിയിൽ പൊട്ടിച്ചിരി തുടങ്ങുകയായിരുന്നു. മിയക്കുട്ടിയുടെ മറുപടി കേട്ട് ജഡ്‌ജസ് ചിരിയടക്കാൻ പാടുപെടുകയായിരുന്നു.

Read More: ചിരിക്കൊപ്പം ചുവടുകളുമായി സ്റ്റാർ കോമഡി മാജിക് ടീമിന്റെ ഗംഭീര എൻട്രി- വിഡിയോ

പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.

Story Highlights: Miya funny reply