‘കോലി പഴയ കോലി ആവും, ഇംഗ്ലണ്ടിൽ പഴയ ഫോമിലേക്ക് തിരിച്ചെത്തും’; കോലിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്
അന്താരാഷ്ട്ര മത്സരങ്ങളിൽ കുറച്ചു നാളുകളായി മികവ് പുറത്തെടുക്കാൻ കഴിയാത്ത താരമാണ് മുൻ ഇന്ത്യൻ നായകൻ കൂടിയായ വിരാട് കോലി. കരിയറിലെ ഏറ്റവും മോശപ്പെട്ട ഒരു സമയത്തിലൂടെയാണ് കോലി കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഐപിഎല്ലിലും തിളക്കം കുറഞ്ഞ പ്രകടനമാണ് കോലി കാഴ്ച്ചവെച്ചത്.
വലിയ വിമർശനമാണ് പല ഭാഗങ്ങളിൽ നിന്നും കോലി നേരിടുന്നത്. ക്രിക്കറ്റ് നിരീക്ഷകരും മുൻ താരങ്ങളും ഒരേ പോലെ കോലിയുടെ മോശം ഫോമിനെ വിമർശിക്കുന്നുണ്ട്. കോലി തൽക്കാലം ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കുന്നതാവും നല്ലതെന്ന് മുൻ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകൻ രവി ശാസ്ത്രിയടക്കം അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ കോലിക്ക് പിന്തുണയുമായി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനായ മുഹമ്മദ് അസ്ഹറുദ്ദീന്. കോലിയുടെ ബാറ്റിങ്ങിൽ ടെക്നിക്കൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നും മികച്ച സ്കോർ കണ്ടെത്തിയാൽ കോലിക്ക് വീണ്ടും പഴയ ഫോമിലേക്ക് മടങ്ങി വരാൻ കഴിയുമെന്നും അസ്ഹറുദ്ദീന് പറഞ്ഞു.
നേരത്തെ മുൻ പാകിസ്ഥാൻ പേസ് ബൗളർ ഷൊയബ് അക്തറും കോലിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് കോലിയെന്നും അദ്ദേഹത്തിന് അർഹമായ ബഹുമാനം നൽകണമെന്നും അക്തർ അഭിപ്രായപ്പെട്ടിരുന്നു. കോലി എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരമാണെന്ന് പറഞ്ഞ അക്തർ അദ്ദേഹം 110 സെഞ്ചുറികൾ നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും കൂട്ടിച്ചേർത്തു. 45 വയസ്സ് വരെയെങ്കിലും കളിക്കേണ്ട താരമാണ് കോലിയെന്നും അക്തർ പറഞ്ഞു.
Read More: ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കുമെന്ന് വിരാട് കോലി, എന്നാൽ ദീർഘ കാല ഇടവേളയാവില്ല; സൂചന നൽകി താരം
ഐപിഎല്ലിൽ കഴിഞ്ഞ 14 സീസണുകളിൽ 3 തവണ മാത്രമാണ് കോലി ഗോൾഡൻ ഡക്കായിട്ടുള്ളത്. എന്നാൽ ഈ സീസണിൽ മാത്രം 3 മത്സരങ്ങളിൽ കോലി ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. ഐപിഎല്ലിലെ ഏറ്റവും വലിയ റൺവേട്ടക്കാരിലൊരാളായ കോലിക്ക് പക്ഷെ ഈ സീസണിൽ വെറും രണ്ട് അർധസെഞ്ചുറികൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ഇതോടെയാണ് കോലിക്കെതിരെയുള്ള വിമർശനങ്ങൾ ശക്തമായത്.
Story Highlights: Mohammed azharuddin says that kohli will return to his form