പ്രശാന്ത് നീലിന് ശേഷം വെട്രിമാരൻ, മറ്റൊരു സ്വപ്‌ന സിനിമ ഒരുങ്ങുന്നു; വെട്രിമാരൻ ചിത്രത്തിൽ ജൂനിയർ എൻടിആർ നായകനായേക്കുമെന്ന് റിപ്പോർട്ട്

June 18, 2022

തമിഴ് സിനിമയെ ലോക നിലവാരത്തിലേക്ക് എത്തിച്ച സംവിധായകനാണ് വെട്രിമാരൻ. ആടുകളം, അസുരൻ, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങളൊക്കെ സിനിമ പ്രേക്ഷകർക്ക് മികച്ച അനുഭവമാണ് നൽകിയത്. നടൻ ധനുഷിനൊപ്പം സംവിധായകൻ കൈ കോർത്തപ്പോഴൊക്കെ മികച്ച സിനിമകളാണ് പ്രേക്ഷകർക്ക് ലഭിച്ചത്. വെട്രിമാരന്റെ ‘വിസാരണൈ’ വിഖ്യാതമായ ബെർലിൻ ചലച്ചിത്രമേളയിൽ അടക്കം വലിയ പ്രശംസ നേടിയ ചിത്രമാണ്.

ഇപ്പോൾ വെട്രിമാരന്റെ പുതിയൊരു ചിത്രത്തെ പറ്റിയുള്ള വാർത്തകളാണ് ആരാധകർക്ക് ആവേശമാവുന്നത്. സംവിധായകന്റെ വരാൻ പോകുന്ന ഒരു ചിത്രത്തിൽ തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആർ നായകനായേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ആർആർആർ’ എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച താരത്തിന്റെ പുതിയ ചിത്രങ്ങളൊക്കെ പ്രേക്ഷകർ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

അതേ സമയം കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീലിനൊപ്പവും ജൂനിയർ എൻടിആർ ഒരു ചിത്രത്തിനായി കൈകോർക്കുന്നുണ്ടെന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാർ’ എന്ന ചിത്രത്തിന് ശേഷം ജൂനിയർ എൻടിആറിന് ഒപ്പമുള്ള ചിത്രത്തിനായി സംവിധായകൻ തയാറാവുന്നുവെന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

Read More: തലൈവർ ഇനി ‘ജയിലർ’; രജനീകാന്ത്-നെൽസൺ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്..

എൻടിആറിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശാന്ത് നീലടക്കമുള്ളവർ ആദ്യമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ‘ഓർക്കപ്പെടേണ്ടത് രക്തത്തിൽ കുതിർന്ന മണ്ണ് മാത്രം’ എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടത്. മൈത്രി മൂവി മേക്കേഴ്‌സും എൻടിആര്‍ ആര്‍ട്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Story Highlights: Ntr jr to star in vetrimaran movie