തലൈവർ ഇനി ‘ജയിലർ’; രജനീകാന്ത്-നെൽസൺ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്..

June 17, 2022

സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. നേരത്തെ ‘തലൈവർ 169’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഡോക്ടർ, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘ജയിലർ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രക്തം പുരണ്ട പകുതി മുറിഞ്ഞ ഒരു വാളാണ് പോസ്റ്ററിലുള്ളത്. ഡോക്ടർ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ നെൽസൺ രജനീകാന്തുമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തെ കാണുന്നത്.

നെൽസണിന്റെ വിജയ് ചിത്രമായ ‘ബീസ്റ്റ്’ വിചാരിച്ച പോലെയുള്ള വിജയം നേടിയില്ലെങ്കിലും നെൽസണിൽ വലിയ പ്രതീക്ഷ തന്നെയാണ് സിനിമ ആരാധകർക്കുള്ളത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.

അതേ സമയം വിജയ് ആരാധകരുടെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ ഏപ്രിൽ 12 നാണ് ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ ബീസ്റ്റ് റിലീസിനെത്തിയത്. ആദ്യത്തെ ഷോ മുതൽ തന്നെ പുറത്തു വന്നു തുടങ്ങിയ നെഗറ്റീവ് അഭിപ്രായങ്ങൾ ചിത്രത്തെ കാര്യമായി ബാധിച്ചിരുന്നു. അതോടൊപ്പം അതേ ദിവസം തന്നെ റിലീസ് ചെയ്‌ത കെജിഎഫ് 2 വിന്റെ വമ്പൻ വിജയവും ബീസ്റ്റിന്റെ പ്രദർശനത്തെ ബാധിച്ചു. എങ്കിലും മികച്ച കളക്ഷൻ തന്നെയാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് നേടിയത്.

Read More: സലാറിൽ പ്രഭാസ് ഡബിൾ റോളിലെന്ന് റിപ്പോർട്ട്; ഇനിയും എത്ര സർപ്രൈസുകൾ ബാക്കിയുണ്ടെന്ന് ആരാധകർ..

ഒരു ഷോപ്പിംഗ് മാൾ തീവ്രവാദികൾ പിടിച്ചെടുത്ത് ആളുകളെ മുഴുവൻ ബന്ദികളാക്കുന്നതാണ് ചിത്രത്തിന്റെ കഥ. ബന്ദികളാക്കപ്പെടുന്ന ആളുകളിലൊരാളായ വിജയിയുടെ കഥാപാത്രം അവരുടെ രക്ഷകരായി മാറുന്നു. വീരരാഘവൻ എന്ന സ്പൈ ഏജന്റായാണ് വിജയ് ചിത്രത്തിലെത്തിയത്.

Story Highlights: Rajinikanth’s new film first look poster released