സലാറിൽ പ്രഭാസ് ഡബിൾ റോളിലെന്ന് റിപ്പോർട്ട്; ഇനിയും എത്ര സർപ്രൈസുകൾ ബാക്കിയുണ്ടെന്ന് ആരാധകർ..

June 17, 2022

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ സംവിധായകനാണ് പ്രശാന്ത് നീൽ. ചിത്രം ബ്രഹ്മാണ്ഡ വിജയമായതോടെ സംവിധായകന്റെ അടുത്ത ചിത്രത്തിനായി വലിയ കാത്തിരിപ്പിലാണ് പ്രേക്ഷകർ.

തെലുങ്ക് സൂപ്പർതാരം പ്രഭാസ് നായകനാവുന്ന ‘സലാർ’ ആണ് പ്രശാന്തിന്റെ അടുത്ത ചിത്രമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വലിയ ബഡ്‌ജറ്റിൽ ഒരുങ്ങുന്ന സലാർ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജ് ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

ഇപ്പോൾ ചിത്രത്തെ പറ്റി പുറത്തു വന്ന മറ്റൊരു വാർത്തയാണ് ശ്രദ്ധേയമാവുന്നത്. സലാറിൽ പ്രഭാസ് ഡബിൾ റോളിലെത്തുന്നുവെന്ന വാർത്തയാണ് ആരാധകർക്ക് ആവേശമാവുന്നത്. രണ്ട് കാലഘട്ടങ്ങളിൽ നടക്കുന്ന കഥകളിൽ വ്യത്യസ്‌തമായ രണ്ട് റോളുകളിലാണ് പ്രഭാസെത്തുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ ബാഹുബലിയിലും പ്രഭാസ് ഡബിൾ റോളിലെത്തിയിരുന്നു.

സലാറിൽ താനും പൃഥ്വിരാജും ഒന്നിച്ച് അഭിനയിക്കുന്നുണ്ട് എന്ന് പ്രഭാസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ അറിയിച്ചത്. മികച്ചൊരു നടനാണ് അദ്ദേഹമെന്നും പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ അവസരമൊരുക്കിയ അണിയറപ്രവർത്തകർക്ക് നന്ദിയുണ്ടെന്നും പ്രഭാസ് പറഞ്ഞു.

Read More: “മോനെ സിനിമ കണ്ടു, നീ അസ്സലായിട്ട് ചെയ്‌തു..”; ജോൺ ലൂഥറിലെ അഭിനയത്തിന് തനിക്കേറെ പ്രിയപ്പെട്ട മഹാനടന്റെ അഭിനന്ദനം ലഭിച്ചതിന്റെ ഓർമ്മയിൽ നടൻ ജയസൂര്യ

അതേ സമയം ഇൻഡ്യയൊട്ടാകെയുള്ള തിയേറ്ററുകളെ ഇളക്കിമറിച്ചാണ് കെജിഎഫ് 2 പ്രദർശനത്തിനെത്തിയത്. പല ബോക്സോഫീസ് റെക്കോർഡുകളും ചിത്രം ആദ്യ ദിനം തന്നെ തകർത്തിരുന്നു. ‘കെജിഎഫ് 2’ വിന്റെ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകൾ അതാത് ഇന്ടസ്ട്രികളിൽ മികച്ച കളക്ഷനാണ് ആദ്യ ദിനം നേടിയത്.

Story Highlights: Prabhas to act in double role in salaar