കാലുകൾ നഷ്ടമായി വീൽചെയറിൽ കൊടുമുടി കീഴടക്കി യുവാവ്- പ്രചോദനമായ ജീവിതം

June 17, 2022

ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ മനക്കരുത്തുകൊണ്ട് നേരിടുന്ന നിരവധിപ്പേരുടെ ജീവിതങ്ങൾ നമുക്ക് പ്രചോദനമായി മാറാറുണ്ട്. അത്തരത്തിൽ ഏറെ ശ്രദ്ധനേടുകയാണ് 45 കാരനായ മാർട്ടിൻ ഹിബർട്ടിന്റെ ജീവിതം. കഴിഞ്ഞ അഞ്ച് വർഷമായി വീൽചെയറിലാണ് മാർട്ടിൻ ഹിബർട്ട്. ആക്രമണത്തിൽ ഇരുകാലുകളും നഷ്ടമായ അദ്ദേഹം വർഷങ്ങളായി വീൽ ചെയറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. എന്നാൽ കാലുകൾക്ക് തളർച്ച വന്നെങ്കിലും ആത്മവിശ്വാസം കൊണ്ടും മനക്കരുത്തുകൊണ്ടും ഏറെ പ്രചോദനമാകുകയാണ് അദ്ദേഹം. ഇപ്പോഴിതാ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കി ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ് മാർട്ടിൻ ഹിബർട്ട്.  ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വതത്തിന്റെ കൊടുമുടിയാണ് അദ്ദേഹം കീഴടക്കിയിരിക്കുന്നത്ത്.

ഇരുകാലുകളും നഷ്ടമായെങ്കിലും സുഹൃത്തുക്കളുടെ സഹായത്തോടെ വീൽചെയറിൽ കൊടുമുടി കീഴടക്കികഴിഞ്ഞു മാർട്ടിൻ. അതേസമയം വീൽ ചെയറിൽ കൊടുമുടി കീഴടക്കുന്ന രണ്ടാമത്തെ ആളാണ് അദ്ദേഹം. തന്നെപോലെയുള്ള ആളുകൾക്ക് മുഴുവൻ പ്രചോദനമാകുക എന്ന ഉദ്ദേശത്തിലാണ് മാർട്ടിൻ ഈ കൊടുമുടി കീഴടക്കിയത്. അതേസമയം മാർട്ടിന്റെ സംഘത്തിൽ കൊടുമുടി കയറാൻ സഹായിക്കുന്ന ഗൈഡുകളും അവർക്കൊപ്പം ആരോഗ്യപ്രവർത്തകരും ഉണ്ടായിരുന്നു. ഇവരുടെയൊക്കെ സഹായത്തോടെയാണ് മാർട്ടിൻ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

Read also: ഇത് തനി നാട്ടിൻപുറം സ്റ്റൈൽ റേസിങ്; സോഷ്യൽ ഇടങ്ങളിൽ ഹീറോയായി കുട്ടി റേസർമാർ

അതേസമയം സ്പൈനല്‍ ഇഞ്ചുറീസ് അസോസിയേഷന് വേണ്ടി പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് മാർട്ടിൻ സുഹൃത്തുക്കളോടൊപ്പം കൊടുമുടി കീഴടക്കാൻ എത്തിയത്. ഈ അസോസിയേഷന് വേണ്ടി ഇതിനോടകം ഒരു മില്യണ്‍ പൗണ്ട് സ്വരൂപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഏകദേശം അഞ്ച് ദിവസത്തോളം എടുത്താണ് അദ്ദേഹം ഈ കൊടുമുടി കീഴടക്കിയത്. അതിന് പുറമെ കൊടുമുടി കയറുന്നതിനായി പ്രത്യേകമായി തയാറാക്കിയ വീൽ ചെയറാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. രണ്ട് വർഷത്തോളം സമയം എടുത്താണ് ഈ പ്രത്യേക വീൽചെയർ ഒരുക്കിയത്.

story highlights: paralyzed man climbs mount Kilimanjaro in wheelchair