70 ദിവസത്തിന് ശേഷം ആലിയെ കണ്ടുമുട്ടി; മകളുടെ ചിത്രങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്

June 8, 2022

ബ്ലെസ്സിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. ജോർദാനിൽ സിനിമ ചിത്രീകരണത്തിന്റെ തിരക്കിലുള്ള താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളുടെ ഹൃദയം കവരുന്നത്. 70 ദിവസങ്ങൾക്ക് ശേഷം തന്നെ കാണാൻ എത്തിയ മകൾ അലംകൃതയുടെ ചിത്രങ്ങളാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. അതേസമയം ഡാഡയെ കാണാനായി ജോർദാനിലേക്ക് പോകാനായി കൈയിൽ ടിക്കറ്റും ബാഗും തൊപ്പിയുമായി എയർപോർട്ടിൽ നിൽക്കുന്ന അല്ലിയുടെ ചിത്രം കഴിഞ്ഞ ദിവസം സുപ്രിയയും പങ്കുവെച്ചിരുന്നു.

സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന താരങ്ങളാണ് പൃഥ്വിയും സുപ്രിയയും. അതുകൊണ്ടുതന്നെ മകളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടെങ്കിലും മകളുടെ മുഖം മറച്ചുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവെക്കാറ്. അത്തരത്തിലുള്ള മറ്റൊരു ചിത്രമാണ് ഇത്തവണയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അതേസമയം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിന് ഇഷ്ടമറിയിച്ചുകൊണ്ട് നിരവധിപ്പേരാണ് എത്തുന്നത്. മലയാളി ആരാധകർ കൊതിയോടെ കാണാൻ ആഗ്രഹിക്കുന്ന മുഖമാണ് പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ മകൾ അലംകൃതയുടേത്.  

അതേസമയം ‘ആടുജീവിതം’ എന്ന ചിത്രം ഷൂട്ടിംഗ് പൂർത്തിയാകും മുൻപ് തന്നെ വാർത്തകളിൽ നിറഞ്ഞതാണ്. സിനിമയ്ക്കായുള്ള പൃഥ്വിരാജിന്റെ രൂപ മാറ്റവും ലോക്ക് ഡൗണിനെ തുടർന്ന് സിനിമയുടെ അണിയറപ്രവർത്തകർ ജോർദാനിൽ കുടുങ്ങിയതുമൊക്കെ സിനിമാലോകം ചർച്ചചെയ്തതാണ്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി അള്‍ജീരിയയിലേക്ക് പൃഥ്വിരാജ് അടുത്തിടെ പോയിരുന്നു. മാര്‍ച്ച് 31നാണ് പൃഥ്വിരാജ് അള്‍ജീരിയയിലേക്ക് യാത്ര തിരിച്ചത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ജൂണ്‍ അവസാനത്തോടെയാകും പൃഥ്വിരാജ് തിരിച്ചെത്തുക. സിനിമയില്‍ നജീബ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 

Read also: ദിവസവും കൈക്കുഞ്ഞുമായി ഓഫീസിൽ എത്തുന്ന പൊലീസ് കോൺസ്റ്റബിൾ; സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെ ഹൃദയം കവർന്ന ചിത്രം

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് പ്രമേയം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയതാണ് ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവല്‍.

Story highlights; Prithviraj share photo of alankritha at Aadujeevitham location