ദിവസവും കൈക്കുഞ്ഞുമായി ഓഫീസിൽ എത്തുന്ന പൊലീസ് കോൺസ്റ്റബിൾ; സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെ ഹൃദയം കവർന്ന ചിത്രം

June 8, 2022

കൈക്കുഞ്ഞുമായി ജോലിക്കെത്തുന്ന ഒരു പൊലീസ് കോൺസ്റ്റബിളിനെക്കുറിച്ചുള്ള വാർത്തയാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അസാം സ്വദേശിയായി സചിത റാണി എന്ന പൊലീസ് ഉദ്യോഗസ്ഥയാണ് ഏഴ് മാസം പ്രായമായ കുഞ്ഞിനെയുംകൊണ്ട് ദിവസവും പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. കാക്കി പാന്റും ഷർട്ടും ധരിച്ച് കൈയിൽ കുഞ്ഞുമായി എത്തുന്ന സചിത പ്രസവത്തിന് ശേഷം ലീവ് നീട്ടി ലഭിക്കുന്നതിനായി അപേക്ഷ അയച്ചിരുന്നു എന്നാൽ ഇത് ലഭിക്കാതെ വന്നതോടെ സചിതയ്ക്ക് കുഞ്ഞിനേയും കൊണ്ട് ജോലിയ്ക്ക് വരുക എന്നല്ലാതെ മറ്റൊരു ഓപ്‌ഷനുമില്ലാതെ വരുകയായിരുന്നു.

സാമ്പത്തീകമായി വലിയ ഉയർന്ന സ്ഥിതിയിൽ അല്ലാതിരുന്നതിനാൽ ജോലിക്ക് പോകാതിരിക്കാനും സചിതയ്ക്ക് സാധിക്കില്ല. ഒപ്പം കുഞ്ഞിനെ നോക്കാൻ വീട്ടിൽ സഹായത്തിന് ആരും ഇല്ലാതെ വന്നതോടെ കുഞ്ഞിനെയുംകൊണ്ട് ജോലിയ്ക്ക് വരാൻ തീരുമാനിക്കുകയായിരുന്നു അവർ. സചിതയുടെ ഭർത്താവ് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ ജോലിക്കാരനാണ്. അദ്ദേഹം ജോലിയുടെ ഭാഗമായി മറ്റൊരിടത്താണ് താമസിക്കുന്നത്. അതിനാൽ കുഞ്ഞിന്റെ കാര്യങ്ങൾ സചിത തനിയെ വേണം നോക്കാൻ.

Read also: റോഡിൽ തളർന്നുവീണ നായയ്ക്ക് സിപിആർ നൽകി രക്ഷിച്ച് യുവാവ്; ഹൃദ്യം ഈ വിഡിയോ

ഇപ്പോൾ ദിവസവും രാവിലെ 10: 30 മുതൽ ഓഫീസിൽ എത്തുന്ന സചിത കുഞ്ഞിനേയും അരികിൽ കിടത്തി തന്റെ ജോലികൾ കൃത്യമായി ചെയ്യും. ഇടയ്ക്ക് കുഞ്ഞിന് ആവശ്യമായ ഭക്ഷണവും മറ്റും നൽകും. വൈകീട്ട് ജോലി കഴിയുമ്പോൾ കുഞ്ഞുമായി വീട്ടിലേക്ക് പോകും. അതേസമയം ജോലി സ്ഥലത്തുള്ള മറ്റ് ജീവനക്കാരും കുഞ്ഞിനെ നോക്കാൻ തന്നെ സഹായിക്കാറുണ്ടെന്നും കുഞ്ഞിനെയുംകൊണ്ട് ജോലിയ്ക്ക് എത്തുക വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും എന്നാൽ തന്റെ മുന്നിൽ വേറെ വഴികൾ ഇല്ലെന്നും പറയുകയാണ് സചിത.

കുഞ്ഞുമായി ജോലിയ്ക്ക് പോകുന്ന സചിതയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധിപ്പേരാണ് സചിതയെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്. സചിതയുടെ ജോലിയോടുള്ള ആത്മാർത്ഥയ്ക്കും കുഞ്ഞിനോടുള്ള വാത്സല്യത്തിനും മികച്ച രീതിയിലുള്ള അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട്.

Story highlights: Woman Cop Carries 7-Month-Old Baby To Work