റോഡിൽ തളർന്നുവീണ നായയ്ക്ക് സിപിആർ നൽകി രക്ഷിച്ച് യുവാവ്; ഹൃദ്യം ഈ വിഡിയോ

June 5, 2022

സഹജീവി സ്നേഹത്തിന്റെ ഹൃദയംതൊടുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നതും ഇത്തരത്തിലൊരു വിഡിയോയാണ്. സഹജീവി സ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയാകുകയാണ് അവശനായി റോഡിൽ കിടക്കുന്ന നായയ്ക്ക് സിപിആർ നൽകുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങൾ.

രസകരവും കൗതുകം നിറഞ്ഞതുമായ ഇത്തരം വിഡിയോകൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കാറുള്ള ഐഎഎസ് ഓഫീസറായ അവനീഷ് ശരൺ ആണ് ഈ വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. ‘ചില അത്ഭുതങ്ങൾ നല്ല ഹൃദയമുള്ള മനുഷ്യരാണ്’ എന്ന അടിക്കുറുപ്പോടെയാണ് വിഡിയോ അവനീഷ് ശരൺ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം വിഡിയോ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഈ സംഭവം എവിടെയാണ് നടന്നതെന്നോ… ആരാണ് ഈ വിഡിയോയിൽ കാണുന്ന വ്യക്തിയെന്നോ ഇതുവരെ വ്യക്തമല്ല. എന്തായാലും വിഡിയോ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധിപ്പേരാണ് ഈ യുവാവിന് അഭിനന്ദനങ്ങളുമായി എത്തുന്നത്. ദൃശ്യങ്ങളിൽ കാണുന്നത് പ്രകാരം മനുഷ്യൻ സിപിആർ നൽകിയതിന് പിന്നാലെ നായയ്ക്ക് എഴുന്നേറ്റ് നടക്കാൻ കഴിയുന്നുണ്ട്. ഈ യുവാവ് ഇത്തരത്തിൽ സിപിആർ നൽകിയത് ഈ നായയുടെ ജീവൻ തന്നെ രക്ഷിച്ചു എന്നാണ് പലരും കുറിയ്ക്കുന്നത്.

Read also: ബസ് സ്റ്റാൻഡിൽ വെച്ചൊരു വ്യത്യസ്ത നൃത്തം; സമൂഹമാധ്യമങ്ങളെ ഞെട്ടിച്ച് യുവകലാകാരൻ- വിഡിയോ ഹിറ്റ്

നേരത്തെ തമിഴ്‌നാട്ടിൽ ഒരാൾ ബോധം നഷ്ടമായ കുരങ്ങന് അടിയന്തര സിപിആർ നൽകി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ വിഡിയോയും സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധേയമായിരുന്നു. അന്ന് ആംബുലൻസ് ഡ്രൈവറായ വ്യക്തി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മരത്തിൽ തൂങ്ങി നിൽക്കുന്ന കുരങ്ങനെ കണ്ടത്. മറ്റൊന്നും ആലോചിക്കാതെ അദ്ദേഹം കുരങ്ങന് സിപിആർ നൽകുകയായിരുന്നു. പലതവണ കുരങ്ങിന്റെ നെഞ്ചിൽ ഇടിച്ചും ശ്വാസം നൽകിയും കുരങ്ങന് പതുക്കെ ബോധം വന്നപ്പോൾ, പ്രഭു ഒരു കുഞ്ഞിനെപ്പോലെ അതിനെ നെഞ്ചോട് ചേർത്ത് പിടിക്കുന്നത് വിഡിയോയിൽ കാണാം. ഉടൻ തന്നെ തുടർചികിത്സയ്ക്കായി കുരങ്ങനെ അടുത്തുള്ള മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു

Story highlights: Man Performs CPR On Dog To Save Its Life video goes viral