600-ൽ 592 മാർക്കുവാങ്ങി മകൻ; അഭിമാനപൂർവ്വം യാത്രക്കാരെ മാർക്ക്ഷീറ്റ് കാണിച്ച് ഓട്ടോ ഡ്രൈവറായ അച്ഛൻ
മക്കളുടെ വിജയം മാതാപിതാക്കൾക്ക് എന്നും അഭിമാനം സമ്മാനിക്കുന്നതാണ്. ഉയർന്ന മാർക്ക് വാങ്ങുന്നത് മുതൽ കലാമത്സരങ്ങളിലും ജീവിതത്തിലുമെല്ലാം മക്കൾ തിളങ്ങുന്നത് ഏത് അച്ഛനമ്മമാർക്കും നൽകുന്ന സന്തോഷം ചെറുതല്ല. ഇപ്പോഴിതാ, മകന്റെ വിജയം അഭിമാനത്തോടെ പങ്കുവയ്ക്കുന്ന ഒരു അച്ഛനാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
തങ്ങളുടെ കുട്ടി മികവ് പുലർത്തിയാൽ മാതാപിതാക്കളുടെ സന്തോഷത്തിന് അതിരുകളില്ല. മകന്റെ 12-ാം ക്ലാസ് പരീക്ഷയുടെ ഫലം യാത്രക്കാരുമായി പങ്കുവയ്ക്കുന്ന ഒരു ഓട്ടോ ഡ്രൈവറായ അച്ഛനെകുറിച്ചാണിത്. ഒരാൾ ഒരു മാർക്ക് ലിസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഈ അച്ഛനും മകനും ശ്രദ്ധനേടിയത്. 600-ൽ 592 മാർക്കാണ് മകൻ നേടിയത്. ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലവും മക്കളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹത്തിന് നേരിടേണ്ടി വന്ന പോരാട്ടങ്ങളും കണക്കിലെടുക്കുമ്പോൾ ഈ വിജയം അമൂല്യമാണ്.
വികാസ് അറോറ എന്നയാളാണ് മാർക്ക് ലിസ്റ്റിന്റെ ചിത്രം പങ്കുവെച്ചത്. ‘ഇന്ന് അകോല മഹാരാഷ്ട്രയിലെ ഒരു ലോക്കൽ ഓട്ടോയിൽ യാത്ര ചെയ്യവേ, ആ ഓട്ടോ ഡ്രൈവർ ആഹ്ലാദത്താൽ തന്റെ മകന്റെ മാർക്ക്ഷീറ്റ് ഞങ്ങളുമായി പങ്കിട്ടു.. മാർക്ക് നോക്കൂ, അവൻ ഒരു മിടുക്കനാണ് . മകന്റെ വിജയം പങ്കുവെക്കുന്നതിൽ പിതാവിന് വളരെ അഭിമാനം തോന്നി. തന്റെ മകന്റെ നേട്ടം ‘- അദ്ദേഹം കുറിച്ചിരിക്കുന്നു.
Read Also: 4 സുരക്ഷാഗാർഡുകളും 6 കാവൽ നായ്ക്കളും; അറിയാം ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴത്തെക്കുറിച്ച്
അദ്ദേഹത്തിന്റെ സന്തോഷത്തിന് അതിരില്ല. കഷ്ടപ്പാടുകൾക്കിടയിലും മകന് മികച്ച വിദ്യാഭ്യാസം നൽകാനും മകന്റെ വിജയം യാത്രക്കാരുമായി പങ്കുവയ്ക്കാൻ കാണിക്കുന്ന ഉത്സാഹവും സന്തോഷവും ആളുകളിലും സന്തോഷം പകരുന്നതാണ്. വളരെ ഹൃദ്യമായ ഈ അനുഭവത്തിന് മികച്ച അഭിപ്രായമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.
Story highlights- Proud auto rickshaw driver shares son’s marksheet