‘അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു, എവിടെയോ ഇരുന്ന് അദ്ദേഹം അഭിമാനിക്കുന്നുണ്ടാവും’; നൊമ്പരമായി രൺബീർ കപൂറിന്റെ വാക്കുകൾ

June 24, 2022

ഏറ്റവും കൂടുതൽ ആരാധകരുള്ള യുവനടന്മാരിലൊരാളാണ് രൺബീർ കപൂർ. അഭിനയിച്ച് തുടങ്ങിയ സമയം മുതൽ തന്നെ വ്യത്യസ്‌തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതിനാൽ തന്നെ താരനിബിഢമായ ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം തന്റെ സിനിമയുമായി വീണ്ടും എത്തിയിരിക്കുകയാണ് രൺബീർ കപൂർ. താരം നായകനാവുന്ന ‘ഷംഷേര’ റിലീസിനൊരുങ്ങുകയാണ്. ഒരു പിരീഡ് ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തെ പറ്റി വലിയ പ്രതീക്ഷകളാണ് രൺബീറിന്റെ ആരാധകർക്കുള്ളത്.

ഇപ്പോൾ തന്റെ പിതാവായ ഋഷി കപൂറിനെ പറ്റി രൺബീർ പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷകർക്ക് നൊമ്പരമായി മാറുന്നത്. തന്റെ ചിത്രം കാണാൻ പിതാവായ ഋഷി കപൂർ ഇപ്പോൾ ഉണ്ടായിരുന്നെങ്കിലെന്ന് താൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്നാണ് രൺബീർ പറയുന്നത്. ഒരു കാര്യം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹം അത് തുറന്ന് പറയുമായിരുന്നുവെന്നും ഇപ്പോൾ തന്റെ സിനിമ കാണാൻ അദ്ദേഹം ഇല്ലാതെ പോയി എന്നതാണ് തന്റെ ഏറ്റവും വലിയ സങ്കടമെന്നും രൺബീർ കൂട്ടിച്ചേർത്തു.

ഈ സിനിമ ചെയ്യാൻ കഴിഞ്ഞുവെന്നതിൽ തനിക്ക് വലിയ സന്തോഷവും ആവേശവുമുണ്ടെന്ന് പറഞ്ഞ രൺബീർ എവിടെയോ ഇരുന്ന് തന്റെ പിതാവ് തന്നെ കുറിച്ചോർത്ത് അഭിമാനിക്കുന്നുണ്ടാവുമെന്നും പറഞ്ഞു. 2020 ഏപ്രിൽ 30 നാണ് ഋഷി കപൂർ മരണമടയുന്നത്. ക്യാൻസറിനെ തുടർന്നാണ് അദ്ദേഹം മരിക്കുന്നത്.

Read More: ബാഹുബലിയോളം വരുമോ, കാത്തിരുന്ന് കാണാം; ആരാധകരെ ആവേശത്തിലാക്കി രൺബീറിന്റെ ‘ഷംഷേര’യുടെ ടീസറെത്തി

അതേ സമയം ഷംഷേരയുടെ ടീസർ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. മികച്ച വിഷ്വലുകളും ആക്ഷൻ രംഗങ്ങളും തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നാണ് ടീസർ നൽകുന്ന സൂചന. രൺബീർ കപൂർ ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. വാണി കപൂർ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്താണ് വില്ലനായി എത്തുന്നത്.

Story Highlights: Ranbir kapoor remembers his father rishi kapoor