ബാഹുബലിയോളം വരുമോ, കാത്തിരുന്ന് കാണാം; ആരാധകരെ ആവേശത്തിലാക്കി രൺബീറിന്റെ ‘ഷംഷേര’യുടെ ടീസറെത്തി

June 22, 2022

അടുത്തിടെ തെന്നിന്ത്യൻ സിനിമകളിൽ നിന്ന് വലിയ വെല്ലുവിളിയാണ് ബോളിവുഡ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. സമാനതകളില്ലാത്ത വിധം വലിയ വിജയങ്ങളാണ് തെന്നിന്ത്യൻ സിനിമകളായ ബാഹുബലി, കെജിഎഫ്, പുഷ്‌പ, ആർആർആർ, വിക്രം തുടങ്ങിയ ചിത്രങ്ങൾ ഇന്ത്യ മുഴുവൻ നേടിയത്. പലപ്പോഴും ഈ ചിത്രങ്ങളുടെ വമ്പൻ വിജയങ്ങൾ പല ബോളിവുഡ് ചിത്രങ്ങളുടെയും പ്രദർശനത്തെ വലിയ രീതിയിൽ ബാധിച്ചിരുന്നു.

മികച്ച സിനിമകൾ നിർമ്മിച്ച് ഈ വെല്ലുവിളികളെ അതിജീവിക്കാനാണ് ബോളിവുഡ് ഫിലിം ഇൻഡസ്ട്രി ഇപ്പോൾ ശ്രമിക്കുന്നത്. വലിയ കാൻവാസിൽ ചിത്രങ്ങൾ നിർമ്മിച്ച് തെന്നിന്ത്യൻ ചിത്രങ്ങളോട് കിട പിടിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ പുറത്തു കൊണ്ട് വരാനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ ഹിന്ദി സിനിമ ലോകം ആരംഭിച്ചിരുന്നു.

ഇപ്പോൾ രൺബീർ കപൂറിന്റെ ‘ഷംഷേര’യാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയതായി റിലീസിനൊരുങ്ങുന്ന ചിത്രം. കരൺ മൽഹോത്ര സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രം പീരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. മികച്ച വിഷ്വലുകളും ആക്ഷൻ രംഗങ്ങളും തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

രൺബീർ കപൂർ ഇരട്ട വേഷത്തിലെത്തുന്നു എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വാണി കപൂർ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്താണ് വില്ലനായി എത്തുന്നത്. ജൂലൈ 22 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Read More: രൺബീർ കപൂർ-ആലിയ ഭട്ട് ചിത്രം ‘ബ്രഹ്മാസ്ത്രയുടെ’ ട്രെയ്‌ലർ എത്തി; മലയാളത്തിൽ ചിത്രം അവതരിപ്പിക്കുന്നത് എസ് എസ് രാജമൗലി

അതേ സമയം രൺബീർ നായകനാവുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം ബ്രഹ്മാസ്ത്രയുടെ ട്രെയ്‌ലർ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. വലിയ ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ രൺബീർ കപൂറും ആലിയ ഭട്ടുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചനും ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബ്രഹ്മാസ്ത്രയ്ക്കായി വലിയ കാത്തിരിപ്പിലാണ് ആരാധകർ. ഹോളിവുഡ് സിനിമകളെ വെല്ലുന്ന വിഷ്വൽ ഇഫക്ട്സാണ് ചിത്രത്തിൽ ഉള്ളത്. ഇത് ട്രെയ്‌ലറിലും ദൃശ്യമാണ്.

Story Highlights: Shamshera teaser released