സെറ്റിൽ ഒരു സർപ്രൈസ് വിസിറ്റ്; അപ്രതീക്ഷിത അതിഥിയെ കണ്ട സന്തോഷത്തിൽ ബേസിൽ ജോസഫ്-വൈറൽ ചിത്രങ്ങൾ

ബേസിൽ ജോസഫിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒരു സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ ലോകമെങ്ങും വമ്പൻ ഹിറ്റായപ്പോൾ അദ്ദേഹം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജാനേമൻ’ അടക്കമുള്ള ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.
ഇപ്പോൾ ബേസിലും ദർശനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയഹേ’ എന്ന ചിത്രത്തിന്റെ സെറ്റിയിലെത്തിയ ഒരു സർപ്രൈസ് അതിഥിയുടെ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. വേറാരുമല്ല ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് ബേസിലിനെ കാണാനായി സിനിമ സെറ്റിലെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സംവിധായകനായ വിപിൻ ദാസാണ് പങ്കുവെച്ചത്. ദർശനയെയും ചിത്രത്തിൽ കാണാം.
വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ബേസിലും സഞ്ജുവും. ഇരുവരും ഒരുമിച്ചുള്ള ഒരു അഭിമുഖം കുറച്ചു നാളുകൾക്ക് മുൻപ് യൂട്യൂബിൽ വലിയ ഹിറ്റായിരുന്നു. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ഒരു ഐപിഎൽ മത്സരം കാണാൻ പോയ ബേസിലിന്റെയും ഭാര്യ എലിസബത്തിന്റെയും ചിത്രങ്ങൾ അടുത്തിടെ വൈറലായിരുന്നു. ഇപ്പോൾ സഞ്ജു ബേസിലിനെ കാണാൻ സിനിമ സെറ്റിലെത്തിയതിന്റെ ചിത്രങ്ങളും വൈറലാവുകയാണ്.
അതേ സമയം ബേസിൽ സംവിധാനം നിർവഹിച്ച ‘മിന്നൽ മുരളി’ വലിയ പ്രേക്ഷകസ്വീകാര്യതയും നിരൂപകപ്രശംസയും നേടിയാണ് വമ്പൻ ഹിറ്റായത്. പരിമിതമായ നിർമാണച്ചിലവിൽ ഒരുങ്ങിയ മിന്നൽ മുരളി മികച്ച ഒരു സൂപ്പർഹീറോ ഒറിജിൻ സിനിമയായാണ് ആഗോളതലത്തിൽ പ്രശംസിക്കപ്പെട്ടത്. സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത്.
സംവിധായകൻ കൂടിയായ സമീർ താഹിർ ഛായാഗ്രഹണം നിർവഹിച്ചപ്പോൾ അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മിന്നൽ മുരളിയായി ടോവിനോ തോമസ് എത്തിയ സിനിമയിൽ ഗുരു സോമസുന്ദരം, ഫെമിന ജോർജ്, അജു വർഗീസ്, ഷെല്ലി കിഷോർ എന്നിവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
Story Highlights: Sanju visits basil movie set