ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റർ മിതാലി രാജിനുള്ള സമർപ്പണം; ‘സബാഷ് മിതു’ ട്രെയ്‌ലർ റിലീസ് ചെയ്‌തു

June 20, 2022

എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന മിതാലി രാജ്. ഇന്ത്യൻ ക്രിക്കറ്റിന് മിതാലി നൽകിയ സംഭാവനകൾ സമാനതകൾ ഇല്ലാത്തതാണ്. ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ ലോക കായിക ചരിത്രത്തിൽ കൃത്യമായി അടയാളപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച താരം കൂടിയാണ് മിതാലി.

താരത്തിന്റെ ജീവിതത്തെ ആസ്‌പദമാക്കി നിർമിക്കപ്പെട്ട ചിത്രമാണ് ‘സബാഷ് മിതു.’ ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വന്നിരിക്കുകയാണ്. ശ്രിജിത്ത് മുഖർജി സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം ജൂലൈ 15 നാണ് തിയേറ്ററുകളിലെത്തുന്നത്.

തൻറെ ബയോപിക് ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ കൂടി കഥയായിരിക്കുമെന്ന് നേരത്തെ മിതാലി പറഞ്ഞിരുന്നു. തപ്‌സി പന്നുവാണ് ചിത്രത്തിൽ മിതാലി രാജിനെ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി തപ്‌സി പന്നു ഒരുപാട് കഠിനാധ്വാനം നടത്തിയിട്ടുണ്ടെന്നും തന്നെയും തന്റെ ചുറ്റുപാടിനെയും വളരെ ശ്രദ്ധയോടെ പഠിച്ചാണ് തപ്‌സി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതെന്നും മിതാലി പറഞ്ഞിരുന്നു.

അതേ സമയം ഈ ജൂൺ 8 നാണ് മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. 39 വയസ്സുകാരിയായ മിതാലി 23 വർഷം നീണ്ട കരിയറിനൊടുവിലാണ് ക്രിക്കറ്റിനോട് വിട പറഞ്ഞത്. വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ് മിതാലി.

Read More: രോഹിത് ശർമയ്ക്ക് ശേഷം ഇന്ത്യയെ നയിക്കാൻ പോകുന്നതാര്..?; പ്രവചനവുമായി മുൻ ഇന്ത്യൻ താരം

തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മിതാലി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. “വർഷങ്ങളായി തന്നു കൊണ്ടിരിക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിലെ രണ്ടാം ഇന്നിങ്സിൽ നിങ്ങളുടെ അനുഗ്രഹവും പിന്തുണയും പ്രതീക്ഷിക്കുന്നു” എന്ന കുറിപ്പോടെയാണ് മിതാലി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

Story Highlights: Shabaash mithu trailer released