രോഹിത് ശർമയ്ക്ക് ശേഷം ഇന്ത്യയെ നയിക്കാൻ പോകുന്നതാര്..?; പ്രവചനവുമായി മുൻ ഇന്ത്യൻ താരം

June 16, 2022

ഇന്ത്യൻ ദേശീയ ടീമിന് സ്ഥിരതയുള്ള മികച്ച ഒരു നായകനെ കണ്ടെത്താനുള്ള വലിയ ഉത്തരവാദിത്തമാണ് സെലക്ടർമാർക്ക് മുൻപിലുള്ളത്. മുൻ നായകൻ വിരാട് കോലി പടിയിറങ്ങിയതിന് ശേഷം ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം അനിശ്ചിതത്വത്തിലാണ്. അനുഭവസമ്പത്തുള്ള രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ ഇപ്പോൾ നയിക്കുന്നതെങ്കിലും താരത്തിന്റെ പ്രായം സെലക്ടർമാരെ സംബന്ധിച്ച് ഒരു പ്രശ്‌നം തന്നെയാണ്.

ഒരു യുവതാരത്തെ നായകനായി വളർത്തിയെടുക്കേണ്ട ഭാരിച്ച ചുമതലയാണ് സെലക്ടർമാർക്ക് മുൻപിലുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള പരമ്പരയിൽ ഋഷഭ് പന്തിനെ നായകനാക്കിയതും അയര്‍ലന്‍ഡിനെതിരെയുള്ള അടുത്ത ടി 20 പരമ്പരയിൽ ഹർദിക് പാണ്ഡ്യയെ നായകനായി പ്രഖ്യാപിച്ചതുമെല്ലാം ഇതിന്റെ ഭാഗമായാണ്.

ഇപ്പോൾ രോഹിത് ശർമയ്ക്ക് ശേഷം ഹർദിക് പാണ്ഡ്യ ഇന്ത്യൻ ദേശീയ ടീമിന്റെ നായകനാവണം എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള പരമ്പരയിൽ രോഹിത്തിന്റെ അസാന്നിധ്യത്തിൽ കെ എൽ രാഹുലിനെ നായകനായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാഹുൽ പരിക്കേറ്റ് പിന്മാറിയതോടെയാണ് ഋഷഭ് പന്ത് നായകനായി എത്തിയത്. അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പരയിൽ പന്തിന് വിശ്രമം അനുവദിച്ചതോടെയാണ് ഹർദിക് പാണ്ഡ്യ ടീമിന്റെ നായകനായത്. രോഹിത് ശർമ്മ നായകനായി തിരിച്ചെത്തുമ്പോൾ ഹർദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനായി തുടരണമെന്നാണ് വസീം ജാഫർ പറയുന്നത്.

Read More: സഞ്ജുവിനെ ലോകകപ്പ് ടീമിലെടുക്കണം; അഭിപ്രായവുമായി മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി

അതേ സമയം അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ആർപ്പുവിളിച്ച സ്വന്തം ആരാധകർക്ക് മുൻപിൽ അരങ്ങേറ്റ ഐപിഎൽ സീസണിൽ തന്നെ കിരീടം നേടിയ ഗുജറാത്ത് ടൈറ്റൻസിനെ മുൻപിൽ നിന്ന് നയിച്ചത് ഹർദിക് പാണ്ഡ്യയായിരുന്നു. ഇതോടെയാണ് നായകനെന്ന നിലയിൽ പാണ്ഡ്യയിൽ സെലക്ടർമാർക്ക് പ്രതീക്ഷ വന്നു തുടങ്ങിയത്. ഫൈനലിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ 3 വിക്കറ്റ് നഷ്‌ടത്തിലാണ് ഗുജറാത്ത് മറികടന്നത്.

Story highlights: Wasim jaffer predicts the next captain after rohith sharma