ഒരിക്കലും നടക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും വീൽ ചെയറിലായ പ്രണവിനോട് പ്രണയം തോന്നിയ ഷഹാന; സിനിമാക്കഥയെ വെല്ലുന്ന ജീവിതാനുഭവങ്ങളുമായി ഒരു പെൺകുട്ടി…
സുഹൃത്തിനൊപ്പം വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് പ്രണവിനെത്തേടി ആ വലിയ അപകടം ഉണ്ടായത്. സുഹൃത്തിന്റെ പിന്നിൽ ബൈക്കിൽ ഇരിക്കുകയായിരുന്നു പ്രണവ്, പെട്ടന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് ബൈക്ക് മതിലിൽ ഇടിക്കുകയും അവിടെ നിന്നും തെറിച്ച് അടുത്തുണ്ടായിരുന്ന തെങ്ങിൽ ഇടിച്ച് വീഴുകയും ചെയ്ത പ്രണവ് ഇപ്പോൾ വർഷങ്ങളായി വീൽചെയറിലാണ്. വീൽ ചെയറിലായ പ്രണവിന് പിന്നീട് നഷ്ടങ്ങളുടെ കാലമായിരുന്നു.
വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന പെൺകുട്ടിയ്ക്ക് ഈ അവസ്ഥയിലായ പ്രണവിനെ ഉപേക്ഷിച്ച് പോകേണ്ടിവന്നു. ഈ വേദനകളിലും മനസ് തളരാതിരുന്ന പ്രണവ് സുഹൃത്തുക്കളുടെ സഹായത്തോടെ ഇഷ്ടമുള്ളയിടങ്ങളിലെല്ലാം പോയി. ഒരിക്കൽ നാട്ടിലെ ഉത്സവപ്പറമ്പിൽ ചെണ്ടമേളത്തിന് നടുവിൽ തന്റെ വീൽ ചെയറിലിരുന്ന് സുഹൃത്തുക്കൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പ്രണവിന്റെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ പ്രണവിനെതേടി നിരവധിപ്പേരും എത്തി.
അക്കൂട്ടത്തിൽ ഒരാളായിരുന്നു ഷഹാന എന്ന പെൺകുട്ടിയും, എന്നാൽ ഷഹാനയ്ക്ക് പ്രണവിനോടുണ്ടായിരുന്നത് അനുകമ്പയായിരുന്നില്ല, മറിച്ച് യഥാർത്ഥ പ്രണയമായിരുന്നു. തന്റെ ഇഷ്ടം പ്രണവിനെ അറിയിച്ചതോടെ ഈ ബന്ധം ഒരിക്കലും ശരിയാവില്ല എന്ന് പറഞ്ഞ് പ്രണവ് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങളായി. എന്നാൽ ഇതിലൊന്നും തളരാതിരുന്ന ഷഹാന, പ്രണവ് ഈ ബന്ധത്തിന് സമ്മതിക്കുന്നത് വരെ തന്റെ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. അവസാനം കുടുംബക്കാർ ഇടപെട്ടപ്പോഴും ഇതിൽ നിന്നും പിന്തിരിയാൻ ഷഹാന തയാറായിരുന്നില്ല. പിന്നീട് സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് ഷഹാന പ്രണവിനൊപ്പം തന്റെ ജീവിതം തുടങ്ങി.
Read also: നീന്തൽ മത്സരത്തിനിടെ ബോധക്ഷയം; രക്ഷാപ്രവർത്തനത്തിനെത്തി പരിശീലക, വിഡിയോ
കേൾക്കുമ്പോൾ ഒരു സിനിമാക്കഥയായിരിക്കാം എന്ന് തോന്നുമെങ്കിലും പറഞ്ഞുവരുന്നത് തൃശൂർ ഇരിങ്ങാലക്കുടയിൽ നിന്നുമുള്ള ഷഹാന പ്രവീൺ എന്ന പെൺകരുത്തിന്റെ കഥയാണ്. ഇപ്പോഴിതാ അറിവിന്റെ വേദിയിൽ മത്സരിക്കാനും തന്റെ പ്രണയകഥകൾ പങ്കുവയ്ക്കാനുമായി എത്തിയിരിക്കുകയാണ് ഈ പെൺകരുത്ത്.
ഫ്ളവേഴ്സ് ഒരുകോടി വേദിയിൽ മത്സരിക്കാൻ എത്തിയ ഷഹാനയുടെ എപ്പിസോഡ് കാണാം.
Story highlights: Shahana Pranav heartfelt love story