യുവതലമുറയ്‌ക്കൊപ്പം പ്രിയദർശൻ; പുതിയ ചിത്രത്തിൽ നായകനായി ഷെയ്ൻ നിഗം

June 15, 2022

ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് പ്രിയദർശൻ. മലയാളത്തിൽ ഒരു കാലത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്ന പ്രിയദർശൻ ഹിന്ദിയിലും നിരവധി മെഗാ ഹിറ്റ് ചിത്രങ്ങൾ ചെയ്‌തിരുന്നു. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ റിലീസ് ചെയ്‌ത ചിത്രങ്ങളൊക്കെ മലയാളികളുടെ മനസ്സ് കീഴടക്കിയ ചിത്രങ്ങളായിരുന്നു.

ഇപ്പോൾ പുതിയ തലമുറയ്‌ക്കൊപ്പം കൈകോർക്കുകയാണ് പ്രിയദർശൻ. സംവിധായകന്റെ ഏറ്റവും പുതിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരൊക്കെ പുതിയ തലമുറയിലെ താരങ്ങളാണ്. യുവതാരങ്ങളിൽ ശ്രദ്ധേയരായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിദ്ദീഖ്, ജോണി ആൻ്റണി, മണിയൻ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രിയദർശൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറിൽ തുടങ്ങുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ഇതാദ്യമായാണ് പൂർണമായും യുവതാരങ്ങളെ ഉൾപ്പെടുത്തി പ്രിയദർശൻ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്.

അതേ സമയം മരക്കാർ അറബിക്കടലിന്റെ സിംഹമാണ് പ്രിയദർശന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. പതിനാറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ, പോർച്ചുഗീസ് അധിനിവേശത്തിനെതിരെ മലബാർ തീരത്തെ പ്രതിരോധിക്കാൻ യുദ്ധം നയിച്ച പേരുകേട്ട സാമൂതിരിയുടെ നാവിക കമാൻഡറായ കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാലാണ് കുഞ്ഞാലി മരക്കാർ നാലാമനായി ചിത്രത്തിൽ അഭിനയിച്ചത്.

Read More: ‘ജോർദാനിലെ ‘ആടുജീവിതം’ പൂർത്തിയായി, ഇനി നാട്ടിലേക്ക്..’- ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെൽവൻ തുടങ്ങിയവരാണ്.

Story Highlights: Shane nigam plays hero in the next priyadarshan film