‘ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമാണ് കോലി, 45 വയസ്സ് വരെയെങ്കിലും കളിക്കേണ്ടയാൾ’; മുൻ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് വലിയ പ്രശംസയുമായി ഷൊയബ്‌ അക്തർ

June 1, 2022

കരിയറിലെ ഏറ്റവും മോശപ്പെട്ട ഒരു സമയത്തിലൂടെയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളിൽ കുറച്ചു നാളുകളായി മികവ് പുറത്തെടുക്കാൻ കഴിയാത്ത താരം ഐപിഎല്ലിലും തിളക്കം കുറഞ്ഞ പ്രകടനമാണ് കാഴ്‌ചവെച്ചത്. വലിയ വിമർശനമാണ് കോലി ക്രിക്കറ്റ് നിരീക്ഷകരിൽ നിന്നും നേരിട്ടുക്കൊണ്ടിരിക്കുന്നത്.

എന്നാലിപ്പോൾ കോലിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇതിഹാസ ക്രിക്കറ്റ് താരം ഷൊയബ്‌ അക്തർ. ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് കോലിയെന്നും അദ്ദേഹത്തിന് അർഹമായ ബഹുമാനം നൽകണമെന്നും അക്തർ അഭിപ്രായപ്പെട്ടു. മോശം ഫോമിന്റെ പേരിൽ കോലി വലിയ രീതിയിൽ വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് അക്തറിന്റെ വാക്കുകൾ ശ്രദ്ധേയമാവുന്നത്.

വിരാട് കോലിക്ക് അർഹിക്കുന്ന ബഹുമാനം നൽകേണ്ടതുണ്ടെന്നും താരത്തെ പറ്റി നല്ല അഭിപ്രായങ്ങൾ പറയേണ്ടതുണ്ടെന്നും അക്തർ പറയുന്നു. കോലി എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരമാണെന്ന് പറഞ്ഞ അക്തർ അദ്ദേഹം 110 സെഞ്ചുറികൾ നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും കൂട്ടിച്ചേർത്തു. 45 വയസ്സ് വരെയെങ്കിലും കളിക്കേണ്ട താരമാണ് കോലിയെന്നും അക്തർ പറഞ്ഞു.

Read More: ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കുമെന്ന് വിരാട് കോലി, എന്നാൽ ദീർഘ കാല ഇടവേളയാവില്ല; സൂചന നൽകി താരം

ഐപിഎല്ലിൽ കഴിഞ്ഞ 14 സീസണുകളിൽ 3 തവണ മാത്രമാണ് കോലി ഗോൾഡൻ ഡക്കായിട്ടുള്ളത്. എന്നാൽ ഈ സീസണിൽ മാത്രം 3 മത്സരങ്ങളിൽ കോലി ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. ഐപിഎല്ലിലെ ഏറ്റവും വലിയ റൺവേട്ടക്കാരിലൊരാളായ കോലിക്ക് പക്ഷെ ഈ സീസണിൽ വെറും രണ്ട് അർധസെഞ്ചുറികൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ഇതോടെയാണ് കോലിക്കെതിരെയുള്ള വിമർശനങ്ങൾ ശക്തമായത്.

Story Highlights: Shoaib akhtar about virat kohli