കുളമല്ല, വഴിയാണ്; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ദേശീയപാതയുടെ ചിത്രങ്ങൾ

June 24, 2022

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതെളിയിക്കുകയാണ് വഴി നീളെ കുളമായ ചിത്രങ്ങൾ. റോഡപകടങ്ങൾ സ്ഥിരം വാർത്തയാകുന്ന നമ്മുടെ രാജ്യത്ത് റോഡ് സുരക്ഷയെപ്പറ്റിയുള്ള ചർച്ചകളും ഉയരാറുണ്ട്. ഇപ്പോഴിതാ വാഹനങ്ങൾക്കോ കാൽ നടയാത്രക്കാർക്കോ പോലും കടന്നുപോകാൻ കഴിയാത്ത രീതിയിൽ കുഴികൾ നിറഞ്ഞ ഒരു റോഡിൻറെ ദാരുണമായ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ബീഹാർ ദേശീയ പാതയുടെ ചിത്രങ്ങളാണ് ഇവയെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ബീഹാറിലെ മധുബാനിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ അവസ്ഥ വർഷങ്ങളായി ഇത്തരത്തിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ റോഡിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ഇവിടുത്തെ സർക്കാരിനെതിരെ കർശനമായ വിമർശനങ്ങളാണ് സമൂഹത്തിൽ നിന്നും ഉയർന്നുവരുന്നത്. റോഡിലെ ഈ കുഴികൾക്ക് നൂറടി വിസ്തൃതിയും മൂന്നടി ആഴവും ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മഴപെയ്തുകഴിയുമ്പോൾ ഈ കുഴികളിൽ വെള്ളം നിറയും പിന്നീട് ഇതിലൂടെയുള്ള യാത്ര വളരെ ദുസ്സഹമാണ്.

Read also: കുഞ്ഞുമക്കളുടെ രക്തം കാണാതെ ഒരു ദിവസമെങ്കിലും ഞങ്ങൾക്ക് ഉറങ്ങണം; നീറുന്ന ഹൃദയവുമായി ഒരമ്മ, കുറിപ്പ്…

ഇവിടുത്തെ റോഡുകളുടെ നവീകരണത്തിനായി ഇതിനോടകം നിരവധി ടെൻഡറുകൾ വിളിച്ചിട്ടും കോൺട്രാക്ടറുമാർ മാറിമാറിവന്നിട്ടും ഇവിടുത്തെ റോഡിന്റെ അവസ്ഥ ഇതുതന്നെയാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഏകദേശം 15,000- ത്തോളം കുടുംബങ്ങൾ താമസിക്കുന്ന മേഖല കൂടിയാണിത്.

അതേസമയം ഈ റോഡിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി വ്യത്യസ്ത അഭിപ്രായങ്ങളുമായി നിരവധിപ്പേരാണ് എത്തുന്നത്. വർധിച്ചുവരുന്ന റോഡപകടങ്ങൾക്ക് പ്രധാനകാരണം ഇത്തരത്തിലുള്ള സുരക്ഷിതമല്ലാത്ത റോഡുകളാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ബീഹാറിൽ മാത്രമല്ല ഇന്ത്യയിൽ നിരവധിയിടങ്ങളിൽ ഇത്തരത്തിലുള്ള കുഴികൾ നിറഞ്ഞ റോഡുകൾ ഉണ്ടെന്നാണ് പലരും പറയുന്നത്.

Story highlights: Shocking Video of highway shows multiple pool-size potholes