ഗായിക മഞ്ജരി വിവാഹിതയായി; വിഡിയോ
തെന്നിന്ത്യൻ സിനിമ പിന്നണിഗാനരംഗത്ത് ശ്രദ്ധേയയായ ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്ത് ജെറിൻ ആണ് വരൻ. പത്തനംതിട്ട സ്വദേശിയായ ജെറിൻ ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. അതേസമയം ഇന്നലെയാണ് താൻ പുതിയ ജീവിതത്തിലേക്ക് കടക്കുന്ന വിവരം താരം ഔദ്യോഗികമായി ആരാധകരുമായി പങ്കുവെച്ചത്. തുടർന്ന് നിരവധിപ്പേരാണ് താരത്തിന് ആശംസയുമായി എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ മെഹന്ദി ചടങ്ങിന്റെ വിഡിയോയും താരം പങ്കുവെച്ചിരുന്നു.
അതേസമയം തിരുവനന്തപുരത്തുവെച്ചാണ് ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വിരുന്ന് സത്ക്കാരം നടത്തും.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ ‘അമ്മ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്കു തട്ടമിട്’ എന്ന ഗാനം പാടിയാണ് മഞ്ജരി ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ഇളയരാജയാണ് മഞ്ജരിയെ പാട്ട് ലോകത്തിന് സമ്മാനിച്ചത്. ആദ്യഗാനത്തിലൂടെത്തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മഞ്ജരി പിന്നീട് തെന്നിന്ത്യൻ സിനിമ ലോകത്തിന് പ്രിയങ്കരിയായി മാറി. ഇതിനോടകം അഞ്ഞൂറിലധികം സിനിമകളിലും നിരവധി ആൽബങ്ങളും മഞ്ജരി പാടി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഗാനങ്ങളിലും പാടി ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു മഞ്ജരി.
അതേസമയം രണ്ടുതവണയാണ് മഞ്ജരിയ്ക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. ആദ്യം മകൾക്ക് എന്ന ചിത്രത്തിലെ ‘മുകിലിൻ മകളേ’ എന്ന ഗാനത്തിനാണ് മഞ്ജരിയ്ക്ക് മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. തുടർന്ന് 2008-ൽ വിലാപങ്ങൾക്കപ്പുറത്തെ ‘മുള്ളുള്ള മുരിക്കിന്മേൽ’ എന്ന ഗാനത്തിനും ഇവർക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ഗസൽ ഗായിക എന്ന നിലയിലും ഏറെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് മഞ്ജരി.
Story highlights: Singer Manjari Wedding Video