നാട്ടിലെ പ്രധാന പയ്യനായി കുഞ്ഞാക്കു; സ്വന്തം ഫോട്ടോ ഫ്ലക്സ് അടിച്ച് താരമായ പത്താംക്ലാസുകാരൻ ഇവിടെയുണ്ട്…

June 23, 2022

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ മീഡിയ പരിചയപ്പെടുത്തുന്നത് സ്വന്തം ഫ്ലക്സ് അടിച്ച് നാട്ടിലെ താരമായി മാറിയ കുഞ്ഞാക്കൂ എന്ന ജിഷ്ണുവിനെയാണ്. പത്താംക്ലാസ് റിസൽട്ട് വന്നതോടെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെയും ഉന്നതവിജയം നേടിയവരുടേയുമൊക്കെ ഫ്ലക്സുകൾ ഉയർന്നുതുടങ്ങി. അങ്ങനെ എല്ലാവരുടെയും ഫ്ലക്സുകൾ നാട്ടിൽ ഉയർന്നതോടെ എന്തുകൊണ്ട് തനിക്കും ഒരു ഫ്ലക്സ് ആയിക്കൂടാ എന്നായി പത്തനംതിട്ട, അങ്ങാടിക്കൽ സ്വദേശിയായ കുഞ്ഞാക്കൂവിന്റെ ചിന്ത. ഈ ആഗ്രഹം സുഹൃത്തുക്കളെ അറിയിച്ചപ്പോൾ കൂടെനിൽക്കാം എന്ന ഉറപ്പ് നൽകി സുഹൃത്തുക്കളും എത്തി. പിന്നെ ഒന്നും നോക്കിയില്ല അങ്ങാടിക്കലിലും ഉയർന്നു കുഞ്ഞാക്കുവിന്റെ ഒരു കിടിലൻ ഫ്ലക്സ്.

ഇനിയാണ് കഥ മാറുന്നത്…. സോഷ്യൽ മീഡിയിൽ ഫ്ലക്സ് വൈറലായതോടെ നിരവധിപ്പേരും എത്തി ഈ വൈറൽ താരത്തെ അന്വേഷിച്ച്. നാട്ടിലെ ആളുകളെ കാണിക്കാനായി ഒരുക്കിയ ഈ ഫ്ലക്സിന്റെ ചിത്രം ആരോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ഇതിന് വലിയ രീതിയിലുള്ള ജനശ്രദ്ധയും ലഭിച്ചു. ഇപ്പോഴിതാ നാട്ടിലെ താരവുമായി മാറിയിരിക്കുകയാണ് കുഞ്ഞാക്കു. എന്നാൽ ഫ്ലക്സ് അടിക്കാനായുള്ള പണവും സൗകര്യവും ഒരുക്കിത്തന്നത് നാട്ടിലെ സുഹൃത്തുക്കളായ ചേട്ടന്മാർ ആണെന്നാണ് കുഞ്ഞാക്കൂ പറഞ്ഞത്.

Read also: കുഞ്ഞ് സ്കൂൾ കഴിഞ്ഞ് വരുന്നതുവരെ ബസ് സ്റ്റോപ്പിൽ, വന്നാലുടൻ ബാഗുമായി വീട്ടിലേക്ക്- നായക്കുട്ടിയുടെ കരുതലിന് മുന്നിൽ കണ്ണുനിറഞ്ഞ് സോഷ്യൽ മീഡിയ, വിഡിയോ

അതേസമയം സംഭവം ഇത്രയും വൈറൽ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും എന്നാൽ ഇപ്പോൾ ഒരുപാട് ആളുകൾ തന്നെ അന്വേഷിച്ച് വിളിക്കാറുണ്ടെന്നും പറയുകയാണ് കുഞ്ഞാക്കുവും സുഹൃത്തുക്കളും. എന്തായാലും നാട്ടിലെ പ്രധാന പയ്യനായി മാറിക്കഴിഞ്ഞു ഈ പത്താംക്ലാസുകാരൻ ജിഷ്ണുവെന്ന കുഞ്ഞാക്കൂ.

Story highlights: Viral boy celebrating his SSLC result