കുഞ്ഞ് സ്കൂൾ കഴിഞ്ഞ് വരുന്നതുവരെ ബസ് സ്റ്റോപ്പിൽ, വന്നാലുടൻ ബാഗുമായി വീട്ടിലേക്ക്- നായക്കുട്ടിയുടെ കരുതലിന് മുന്നിൽ കണ്ണുനിറഞ്ഞ് സോഷ്യൽ മീഡിയ, വിഡിയോ

June 23, 2022

മനുഷ്യന് അവരുടെ വളർത്തുമൃഗങ്ങളോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയുമൊക്കെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടാറുണ്ട്. ഒപ്പം വളർത്തുമൃഗങ്ങൾ അവരുടെ ഉടമകളോട് കാണിക്കുന്ന ആത്മാർത്ഥതയും സ്നേഹവും പലപ്പോഴും കാഴ്ചക്കാരുടെ ഹൃദയം കവരാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഏറെ കൗതുകം നിറയ്ക്കുകയാണ് ഒരു നായക്കുട്ടിയുടെ വിഡിയോ. സ്കൂൾ വിട്ട് വരുന്ന കുഞ്ഞിനെയും കാത്ത് ബസ് സ്റ്റോപ്പിൽ നിൽക്കുന്ന നായയെ ആണ് ദൃശ്യങ്ങളിൽ കാണുന്നത്. കോഡി എന്ന് പേരുള്ള നായക്കുട്ടിയാണ് ദൃശ്യങ്ങളിലെ താരം. കോഡി, കുഞ്ഞിന്റെ സ്കൂൾ ബസ് വരുന്നതോടെ ബസിന്റെ ഡോറിനടുത്തേക്ക് എത്തുകയും കുഞ്ഞിന്റെ കൈയിൽ നിന്നും ബാഗ് വാങ്ങിക്കുന്നതും തുടർന്ന് കുട്ടിയുമായി വീട്ടിലേക്ക് പോകുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.

ദി ഡോഡോ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ച മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരെയും നേടിക്കഴിഞ്ഞു. കോഡി തന്റെ കുടുംബത്തിലുള്ള എല്ലാവരോടും വളരെ കരുതലുള്ള നായയാണ് എന്നാണ് വിഡിയോയിൽ പറയുന്നത്. കുഞ്ഞിനെ മാത്രമല്ല വീട്ടിലെ എല്ലാവരും ജോലിയ്ക്ക് പോയി വരുന്നതുവരെ അവരെ കാത്ത് നിൽക്കാറുമുണ്ടത്രേ കോഡി.

Read also: കുഞ്ഞുങ്ങളെ ആലിംഗനം ചെയ്തും മുത്തം നൽകിയും ക്ലാസിലേക്ക് ക്ഷണിക്കുന്ന ടീച്ചർ; വൈറലായി വേറിട്ട സ്വാഗതം

ഈ നായകുട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ മികച്ച സ്വീകാര്യതയാണ് ഈ വിഡിയോയ്ക്ക് ലഭിക്കുന്നത്. അതേസമയം നേരത്തെയും നായകളുടെ തന്റെ ഉടമസ്ഥരോടുള്ള സ്നേഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ ഇടങ്ങളിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. അടുത്തിടെ സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഉടമയ്ക്ക് ഭക്ഷണവുമായി ഓഫീസിലേക്ക് പോകുന്ന നായയുടെ ദൃശ്യങ്ങൾക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വായിൽ തൂങ്ങിക്കിടക്കുന്ന ലഞ്ച് ബോക്സുമായി രണ്ട് കിലോമീറ്റർ ദൂരം നടന്നുപോകുന്ന നായയെയാണ് ദൃശ്യങ്ങളിൽ കണ്ടത്. അടുത്തിടെ കാട്ടു മൃഗത്തിന്റെ ഉപദ്രവത്തിൽ ഇന്നും ഉടമയെ രക്ഷിച്ച മറ്റൊരു നായയുടെ ചിത്രങ്ങളും ഇന്റർനെറ്റിൽ വലിയ രീതിയിൽ കൈയടിനേടിയിരുന്നു.

Story highlights: Adorable video of a dog waiting for kid at the bus stop goes viral