കുഞ്ഞുങ്ങളെ ആലിംഗനം ചെയ്തും മുത്തം നൽകിയും ക്ലാസിലേക്ക് ക്ഷണിക്കുന്ന ടീച്ചർ; വൈറലായി വേറിട്ട സ്വാഗതം

June 23, 2022

സ്കൂൾ തുറന്നു… പുതിയ സുഹൃത്തുക്കളെയും അധ്യാപകരെയുമൊക്കെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഒരോ കുരുന്നുകളും. കുഞ്ഞുങ്ങളുടെയും അധ്യാപകരുടേയുമൊക്കെ രസകരമായ സ്കൂൾ നിമിഷങ്ങളുടെ വിഡിയോകളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്. ഇപ്പോഴിതാ കുഞ്ഞുങ്ങൾക്ക് അവരുടെ ക്ലാസ് മുറിയിലേക്ക് വ്യത്യസ്ത രീതിയിൽ സ്വാഗതം നൽകുന്ന ഒരു അധ്യാപികയുടെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. ക്ലാസ് മുറിയ്ക്ക് മുന്നിൽ വന്ന് നിൽക്കുന്ന ഓരോ കുട്ടികൾക്കും അവരുടെ ഇഷ്ടം പോലെ ടീച്ചർ ആലിംഗനം ചെയ്യുകയും മുത്തം നൽകുകയും ചിലർക്ക് ഷേക്ക് ഹാൻഡ് നല്കുകയും ചിലർക്കൊപ്പം നൃത്തം ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്.

ഈ വിഡിയോ എവിടെനിന്നുള്ളതാണ് എന്ന് വ്യക്തമല്ല. ആൽവിൻ ഫൂ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ആദ്യമായി ഈ വിഡിയോ കണ്ടത്. തുടർന്ന് നിരവധിപ്പേർ ഇത് ഏറ്റെടുത്തു. മാതാപിതാക്കൾ കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവർ അവരുടെ അധ്യാപകർ ആണെന്നും അതിനാൽ കുഞ്ഞുങ്ങളെ ശിക്ഷിക്കുന്നതിന് പകരം സ്നേഹം കൊണ്ടാവണം അവരെ ഓരോ അധ്യാപകരും തിരുത്തേണ്ടത് എന്നുമാണ് പലരും ഈ വിഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. ഈ അധ്യാപികയുടെ പ്രവർത്തികൾ ഏറെ മാതൃകാപരമാണ് ഓരോ കുഞ്ഞുങ്ങൾക്കും വളരെ പ്രിയപ്പെട്ട ടീച്ചറായിരിക്കും ഇതെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.

Read also: ഞാൻ നിന്നെ സ്നേഹിക്കുന്നു- വിവാഹദിനത്തിൽ മലയാളം പറഞ്ഞ് ആഫ്രിക്കൻ വരൻ, വൈറൽ വിഡിയോ

അതേസമയം കഴിഞ്ഞ ദിവസം കുഞ്ഞുങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന അധ്യാപികയുടെ ചിത്രങ്ങളും വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. മറ്റൊരു അധ്യാപിക തനിക്ക് കുഞ്ഞ് ജനിച്ച ശേഷം ആശുപത്രിയിൽ നിന്നും കുഞ്ഞുമായി തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളുടെ അടുത്തേക്ക് എത്തുന്നതിന്റെയും അവർക്കൊപ്പം സമയം ചിലവഴിക്കുന്നതിന്റെയും വിഡിയോ വലിയ രീതിയിൽ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Story highlights: Adorable video of teacher greeting her students goes viral