“രാജ്ഞി ഇല്ല, സിംഗിൾ ലൈഫ് ആണ്..”; പാട്ടുവേദിയിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി ശ്രീദേവ് ‘മഹാരാജാവ്’
ഫ്ളവേഴ്സ് ടോപ് സിംഗറിലെ പ്രേക്ഷകരുടെ ഇഷ്ടഗായകനാണ് ശ്രീദേവ്. വേദിയിലെ കുഞ്ഞു മിടുക്കനായ ശ്രീദേവിന്റെ പാട്ടിനും ആരാധകരേറെയാണ്. പാട്ടിനൊപ്പം തന്റെ തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയമികവ് കൊണ്ടും ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മനസ്സ് നിറക്കാറുള്ള ശ്രീദേവിന്റെ വേദിയിലെ മറ്റൊരു നിമിഷമാണ് പ്രേക്ഷകരുടെ ഇടയിൽ ചിരി പടർത്തുന്നത്.
‘പട്ടാഭിഷേകം’ എന്ന ചിത്രത്തിലെ “ശംഖും വെഞ്ചാമരവും..” എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം പാടാനെത്തിയതായിരുന്നു ശ്രീദേവ്. ചിത്രത്തിലെ ജഗതി ശ്രീകുമാറിനെ പോലെ രാജാവിൻറെ വേഷവും തലപ്പാവും ഒക്കെ ധരിച്ചാണ് ഈ കുഞ്ഞു മിടുക്കൻ വേദിയിലെത്തിയത്. താൻ രാജാവാണെന്നും തന്നെ എല്ലാവരും ബഹുമാനിക്കണമെന്നും പറഞ്ഞാണ് ശ്രീദേവ് പാട്ടുവേദിയിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തുന്നത്.
പിന്നീടങ്ങോട്ട് ശ്രീദേവും ജഡ്ജസും തമ്മിൽ നടന്ന സംഭാഷണങ്ങളൊക്കെ പ്രേക്ഷകരുടെ ഇടയിൽ പൊട്ടിച്ചിരി പടർത്തുകയായിരുന്നു. രാജാവിന്റെ രാജ്ഞി എവിടെ എന്ന് ഗായകൻ എം ജി ശ്രീകുമാർ ചോദിക്കുമ്പോൾ തനിക്ക് രാജ്ഞി ഇല്ലെന്നും തന്റേത് സിംഗിൾ ലൈഫ് ആണെന്നും ശ്രീദേവ് പറഞ്ഞതോടെ ചിരിയടക്കാൻ പാട് പെടുകയായിരുന്നു വിധികർത്താക്കൾ.
ലോകമെങ്ങുമുള്ള മലയാളികളുടെ ഇഷ്ട ടെലിവിഷൻ പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. അദ്ഭുതപ്പെടുത്തുന്ന ആലാപന മികവാണ് ടോപ് സിംഗറിലെ കുരുന്നു ഗായകർ കാഴ്ചവെയ്ക്കാറുള്ളത്. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്ചയാണ്.
പ്രശസ്തരായ പല ഗായകരും ടോപ് സിംഗർ വേദിയിലെ കൊച്ചു ഗായകരുടെ ആലാപനം കണ്ട് അദ്ഭുതപ്പെടുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അനുഗ്രഹിക്കപ്പെട്ട ഈ കൊച്ചു പാട്ടുകാരുടെ പ്രകടനത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകസമൂഹവും ചെറുതല്ല.
Story Highlights: Sreedev funny conversation with judges