ആരാധകർക്ക് സർപ്രൈസായി മറ്റൊരു വാർത്ത; സൂര്യ ‘വിക്രത്തിൽ’ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ

June 6, 2022

ജൂൺ 3 ന് കമൽ ഹാസന്റെ ‘വിക്രം’ റിലീസായ നാൾ മുതൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ് ചിത്രത്തിലെ സൂര്യയുടെ കഥാപാത്രം. ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് സൂര്യ ‘റോളക്‌സ്’ എന്ന കഥാപാത്രമായി ചിത്രത്തിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെടുന്നത്. വലിയ കൈയടിയാണ് സൂര്യയ്ക്ക് തിയേറ്ററുകളിൽ മുഴങ്ങുന്നത്.

എന്നാലിപ്പോൾ ആരാധകർക്ക് സർപ്രൈസായി മറ്റൊരു വാർത്ത പുറത്തു വന്നിരിക്കുകയാണ്. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് സൂര്യ ലോകേഷ് കനകരാജിന്റെ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എന്നാണ് തമിഴിലെ പ്രശസ്‌ത നിരൂപകനായ പ്രശാന്ത് രംഗസ്വാമി ട്വീറ്റ് ചെയ്‌തിരിക്കുന്നത്‌.

അതേ സമയം അതിഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രതീക്ഷയ്ക്കപ്പുറമുള്ള വലിയ സർപ്രൈസുകളാണ് പ്രേക്ഷകർക്കായി സംവിധായകൻ ലോകേഷ് കനകരാജ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഓരോ താരത്തിനും കൃത്യമായ സ്‌ക്രീൻ സ്‌പേസും കഥാപാത്ര സൃഷ്ടിയിലെ പൂർണതയും നൽകി അവതരിപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം അതിമനോഹരമായാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ ലോകേഷ് കനകരാജ് നിർവഹിച്ചിരിക്കുന്നത്.

മികച്ച ഒരു സിനിമാറ്റിക് അനുഭവം തന്നെയാണ് പ്രേക്ഷകർക്കായി ലോകേഷ് കനകരാജ് ഒരുക്കി വച്ചിരുന്നത്. തന്റേതായ ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ലോകേഷ് കനകരാജിന്റെ ‘കൈതി’ എന്ന ചിത്രത്തിലെ നിരവധി റെഫെറൻസുകൾ വിക്രത്തിലുണ്ട്. ഒപ്പം കമൽ ഹാസന്റെ തന്നെ നിരവധി ചിത്രങ്ങളുടെയും റെഫെറൻസുകൾ വിക്രത്തിലുടനീളം കാണാം.

Read More: മലയാളത്തിൽ വീണ്ടും സജീവമാകാനൊരുങ്ങി ഭാവന; പുതിയ ചിത്രം ഷെയ്ൻ നിഗത്തിനൊപ്പം..?

അടുത്ത ഭാഗത്തെ പറ്റി കൃത്യമായ സൂചന നൽകിയാണ് ‘വിക്രം’ അവസാനിക്കുന്നത്. ഇനി വരാൻ പോകുന്ന ഭാഗത്തിൽ കേന്ദ്ര കഥാപാത്രമായി സൂര്യ ഉണ്ടാവുമെന്നും ഇതോടെ ഉറപ്പായി.

Story Highlights: Surya acted in vikram without taking remuneration