തൈറോയിഡ് പ്രശ്നമുള്ളവർ സൂക്ഷിക്കുക- ലക്ഷണങ്ങൾ ഇവയൊക്കെ
ആളുകളിൽ ഇന്ന് സാധാരണയായി കണ്ടുവരുന്ന രോഗാവസ്ഥയാണ് തൈറോയിഡ്. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. അതുകൊണ്ടുതന്നെ തൈറോയിഡ് രോഗങ്ങളെ ഗൗരവമായി കാണണം. പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ് തൈറോയ്ഡ് സാധ്യത കൂടുതൽ. ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം, തൈറോയ്ഡൈറ്റിസ്, തൈറോയ്ഡ് നോഡ്യൂളുകൾ എന്നിവയാണ് സാധാരണ തൈറോയ്ഡ് പ്രശ്നങ്ങൾ.
കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ, ഏതുതരത്തിലുള്ള തൈറോയ്ഡ് പ്രശ്നമാണെങ്കിലും അത് ശരീരത്തിന്റെ മെറ്റബോളിസത്തെ ബാധിക്കുകയും ഹൃദയ രോഗങ്ങൾ, ഓസ്റ്റിയോപൊറോസിസ്, വന്ധ്യത എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
തൈറോയിഡിന്റെ ലക്ഷണങ്ങൾ
ഉന്മേഷക്കുറവ്: തൈറോയിഡ് രോഗമുള്ളവരിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ഉന്മേഷക്കുറവ്. ഇവർക്ക് എപ്പോഴും ക്ഷീണമായിരിക്കും. എത്ര ഉറങ്ങിയാലും വീണ്ടും വീണ്ടും ഉറങ്ങാനുള്ള പ്രവണതയും ഉത്സാഹക്കുറവും തൈറോയിഡിന്റെ ലക്ഷണമാണ്. ഹൈപ്പർതൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയിൽ ഉറക്കം കുറവായിരിക്കും.
ശരീരഭാരം കൂടുന്നു/ കുറയുന്നു: വ്യായാമം കൃത്യമായി ചെയ്താലും, കൊഴുപ്പും കാലറിയും കുറഞ്ഞ ആഹാരം കഴിച്ചാലും ശരീരഭാരം കുറയുന്നില്ലെങ്കിൽ ഇത് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണമാണ്. തൈറോയിഡ് ഹോർമോണുകളുടെ ഉത്പാദനം കുറയുന്നത് ശരീരഭാരം കൂടാൻ കാരണമാകും. തൈറോയിഡ് ഹോർമോണുകളുടെ ഉത്പാദനം കൂടുമ്പോൾ ശരീരഭാരം കുറയും.
പേശികളിൽ വേദന: തൈറോയിഡ് രോഗമുള്ളവരിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് സന്ധിവേദന, ബലക്ഷയം എന്നിവ.
മുടി കൊഴിച്ചിൽ, മുടി പൊട്ടൽ: മുടിയുടെ ആരോഗ്യത്തിന് തൈറോയിഡ് ഹോർമോൺ ആവശ്യമാണ്. ഹൈപ്പോതൈറോയിഡിസമുള്ളവരിൽ കൂടെക്കൂടെ മുടിപൊട്ടിപ്പോകാനും , ചർമ്മം വരണ്ടതാകാനും കാരണമാകും. അതേസമയം ഹൈപ്പർതൈറോയിഡിസം ഉള്ളവരിൽ കനത്ത മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട്.
ഉദരരോഗങ്ങൾ: മലബന്ധം, വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രം എന്നിവയും ഹൈപ്പർതൈറോയിഡിസം ഉള്ളവരിൽ കണ്ടുവരാറുണ്ട്.
കൊളസ്ട്രോൾ: കൊളസ്ട്രോൾ ലെവൽ കുറയുന്നതും ഹൈപ്പർതൈറോയിഡിസത്തിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ട്.
ആർത്തവസമയത്തെ അസ്വസ്ഥകൾ: ആർത്തവസമയത്തുണ്ടാകുന്ന അമിത രക്തസ്രാവവും, കഠിനമായ വേദനയും ഹൈപ്പോ തൈറോയിഡിസം ഉള്ളവരിൽ കാണാറുണ്ട്. അതേസമയം സമയം തെറ്റി വരുന്ന ആർത്തവവും, കുറഞ്ഞ തോതിലുള്ള രക്തസ്രാവവും ഹൈപ്പർ തൈറോയിഡിസത്തിന്റെ ലക്ഷണമാണെന്നും പറയപ്പെടുന്നു.
Story highlights: thyroid and its symptoms