2,910 ലാപ്ടോപ്പുകൾ ഒന്നിച്ച് ഒരേദിശയിൽ മറിഞ്ഞുവീഴുന്ന കാഴ്ച; വിഡിയോ
കൗതുകകരമായ കാഴ്ചകൾ മനുഷ്യനായാലും സൃഷ്ടിക്കപ്പെടാറുണ്ട്. റെക്കോർഡുകൾ ലക്ഷ്യമാക്കി ഇങ്ങനെ നിരവധി കൗതുകങ്ങൾ അരങ്ങേറുന്ന ലോകത്ത് ലാപ്ടോപ്പുകൾ കൊണ്ട് വിസ്മയം തീർത്തിരിക്കുകയാണ് ഒരു അമേരിക്കൻ കമ്പനി. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു ഇലക്ട്രോണിക്സ് റീസൈക്ലിംഗ് കമ്പനി ഡൊമിനോകൾ പോലെയുള്ള 2,910 ലാപ്ടോപ്പുകൾ ഒരേദിശയിൽ മറിഞ്ഞു വീഴുന്നപോലെയുള്ള ചെയിൻ റിയാക്ഷൻ ഒരുക്കിയാണ് ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്തത്.
യുഎസിലെ ഇന്ത്യാന ആസ്ഥാനമായുള്ള ടെക്നോളജി റീസൈക്ലേഴ്സിന്റെ ഓഫീസിൽ ആരംഭിച്ച ചെയിൻ റിയാക്ഷനായിരുന്നു ഇത്. റീസൈക്ലിങ് പ്രക്രിയയുടെ പ്രാധാന്യം അറിയിക്കുന്നതിനായാണ് ഇങ്ങനെയൊരു ചെയിൻ റിയാക്ഷൻ കമ്പനി ഒരുക്കിയത്. 752 ലാപ്ടോപ്പുകളുടെ ചെയിൻ റിയാക്ഷൻ ഒരുക്കിയ ഔട്ട് ഓഫ് യൂസ് എൻവിയുടെ റെക്കോർഡാണ് ഇവർ തകർത്തത്. മുൻപ് തന്നെ അവർ റെക്കോർഡ് തകർക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ചില ലാപ്ടോപ്പുകൾ വിചാരിച്ച രീതിയിൽ വീഴാത്തതിനെത്തുടർന്ന് പിന്തിരിയുകയായിരുന്നു.
ലാപ്ടോപ്പുകൾ കുത്തനെ നിലനിർത്തിവേണമായിരുന്നു ചെയിൻ ഒരുക്കാൻ. എന്നാൽ എല്ലാ ലാപ്ടോപ്പുകളും ഒരുപോലെ നിൽക്കില്ല എന്ന് മുൻപുള്ള ശ്രമത്തിൽ നിന്നും മനസിലാക്കിയിരുന്നു. എല്ലാവരും ആവേശഭരിതരായാണ് റെക്കോർഡിന് ശ്രമിച്ചതും സാക്ഷ്യം വഹിച്ചതുമെന്ന് കമ്പനി അധികൃതർ പറയുന്നു.
അതേസമയം, ഗിന്നസ് റെക്കോർഡുകൾ എപ്പോഴും ആളുകളുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. യുഎസിൽ നിന്നുള്ള ഒരാൾ അടുത്തിടെ 9,090 പീസുകളുള്ള ഒരു ലെഗോ സെറ്റ് കൂട്ടിച്ചേർത്ത് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചിരുന്നു. പോൾ ഉഫെമ എന്ന വ്യക്തിയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. യൂട്യൂബിൽ ‘ഓൾ ന്യൂ ബ്രിക്സ്’ ചാനൽ നടത്തുന്ന ഇദ്ദേഹം ലെഗോ ബ്ലോക്കുകൾ ഉപയോഗിച്ച് രൂപങ്ങൾ നിർമിക്കുന്നതിൽ വിദഗ്ധനാണ്.
10 മണിക്കൂർ 46 മിനിറ്റ് 31 സെക്കൻഡിൽ 9,090 ബ്ലോക്കുകൾ ഉപയോഗിച്ച് ടൈറ്റാനിക് മാതൃക രൂപകൽപ്പന ചെയ്ത് അദ്ദേഹം പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുകയായിരുന്നു.
Story highlights- topple 2,910 laptops to break Guinness World Record