തിരക്കേറിയ റോഡിൽ മൈക്കിൾ ജാക്സൺ ചുവടുകളുമായി ട്രാഫിക് പൊലീസുകാരൻ, വിഡിയോ
കാഴ്ചക്കാരുടെ മുഖങ്ങളിൽ ചിരി പടർത്തുകയും ഹൃദയങ്ങളെ കുളിർപ്പിക്കുകയും ചെയ്യുന്ന ഒട്ടനവധി ചിത്രങ്ങളും വിഡിയോകളുമാണ് ദിവസവും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇപ്പോഴിതാ നടുറോഡിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനിടെയിൽ തന്റെ ജോലി ആയാസകരമാകാനും യാത്രക്കാരുടെ മുഖങ്ങളിൽ പുഞ്ചിരി വിടർത്തുന്നതിനുമായി റോഡിൽ നൃത്തച്ചുവടുകൾ വയ്ക്കുന്ന ഒരു പൊലീസുകാരന്റെ ചിത്രങ്ങളും വിഡിയോകളുമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
മധ്യപ്രദേശിലെ ഇൻഡോറിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ രഞ്ജീത് സിംഗ് എന്നയാളെയാണ് വിഡിയോയിൽ കാണുന്നത്. ജോലിക്കിടെ പൊരിവെയിലത്ത് മൈക്കിൾ ജാക്സൺ ചുവടുകളുമായി എത്തുന്ന രഞ്ജീത് സിംഗ് ഇതിനോടകം നിരവധി യാത്രക്കാരുടെ മുഖങ്ങളിൽ ചിരി വിരിയിച്ചുക്കഴിഞ്ഞു. രഞ്ജീത് സിംഗ് ഒരു മൈക്കിൾ ജാക്സൺ ആരാധകരാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചുവടുകളാണ് രഞ്ജിത് കൂടുതലായും അവതരിപ്പിക്കുക.
അതേസമയം നേരത്തെയും അദ്ദേഹത്തിന്റെ നൃത്തവിഡിയോകൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത്തവണ മൈക്കിൾ ജാക്സന്റെ ഡെയ്ഞ്ചറസ് എന്ന ഗാനത്തിനൊപ്പമാണ് രഞ്ജിത് നൃത്തച്ചുവടുകൾ വയ്ക്കുന്നത്. ജിപ്സി സ്പിരിറ്റ് ഇന്ത്യ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹത്തിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഈ വിഡിയോ ഏറ്റെടുത്തിരിക്കുന്നത്. ഇത് ഒരു സൗജന്യ മൈക്കിൾ ജാക്സൺ ഷോ ആണെന്നാണ് പലരും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.
Read also: യാത്രക്കാരൻ ബസിൽ കുഴഞ്ഞുവീണു; സമയോചിതമായി സിപിആർ നൽകി അശ്വതി
അതേസമയം കാലങ്ങളായി അദ്ദേഹത്തിന്റെ ജോലി ട്രാഫിക്കിലാണ്. ഈ ജോലി കൂടുതൽ എളുപ്പമാക്കാനും ജോലിയുടെ സ്ട്രെസ് കുറയ്ക്കാനുമൊക്കെയാണ് രഞ്ജിത് ജോലിക്കിടെ നൃത്തം ചെയ്യുന്നത്. ചെറുപ്പം മുതൽ നല്ലൊരു ഡാൻസുകാരനാകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹവും, എന്നാൽ പല കാരണങ്ങൾ കൊണ്ട് ഇത് സാധിച്ചില്ല. അതുകൊണ്ടുതന്നെ തന്റെ ജോലിക്കൊപ്പം നൃത്തവും ചെയ്ത് ജോലിയെ കൂടുതൽ സുഗമമാക്കുകയാണ് ഈ ട്രാഫിക് പൊലീസുകാരൻ.
Story highlights: traffic police dances during his duty goes viral