കുഞ്ഞുമക്കളുടെ രക്തം കാണാതെ ഒരു ദിവസമെങ്കിലും ഞങ്ങൾക്ക് ഉറങ്ങണം; നീറുന്ന ഹൃദയവുമായി ഒരമ്മ, കുറിപ്പ്…
സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിക്കുകയാണ് ഒരമ്മയുടെ ഫേസ്ബുക്ക് കുറിപ്പ്. ഷുഗർ ബാധിച്ച കുരുന്നുകളുടെ അവസ്ഥയും അവരുടെ അമ്മമാർ അനുഭവിക്കുന്ന വേദനയും പങ്കുവെക്കുന്ന കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കേന്ദ്ര- കേരള ഭരണകൂടത്തോടും, ജനങ്ങളുടെ വിശ്വാസ കേന്ദ്രമായ നീതിന്യായ വ്യവസ്ഥിതിയോടും ടൈപ്പ്- 1ഡയബറ്റിസ് ബാധിരായ കുഞ്ഞുങ്ങളുടെ അവസ്ഥ പറയുകയാണ് കോഴിക്കോട് അത്താണിക്കൽ വെസ്റ്റ് സ്വദേശിയായ ഷാന വിജേഷ്.
ഷാനയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ബഹുമാനപ്പെട്ട കേന്ദ്ര –കേരള ഭരണകൂടത്തോടും, ജനങ്ങളുടെ വിശ്വാസ കേന്ദ്രമായ നീതിന്യായ വ്യവസ്ഥിതിയോടും ടൈപ്പ് 1ഡയബറ്റിസ് ബാധിരായ കുഞ്ഞുങ്ങളുടെ അച്ഛനമ്മമാർ വിനയപൂർവം കുറച്ച് കാര്യങ്ങൾ ചോദിച്ചു കൊള്ളട്ടെ
ഒരമ്മയുടെ നീറുന്ന ഹൃദയമാണ് ഇവിടെ സംസാരിക്കുന്നത്..
ജീവിക്കാനുള്ള അവകാശമായ ആഹാരം വസ്ത്രം, പാർപ്പിടം എന്നപോലെ Type 1 Diabetes ബാധിതരായ കുഞ്ഞുങ്ങളുടെ ജീവിക്കാനുള്ള ഒരാവകാശമാണ് കുഞ്ഞികൈകളിൽ, കുഞ്ഞു ശരീരത്തിൽ സൂചി കുത്തൽ ഒഴിവാക്കാൻ പറ്റുന്ന സംവിധാനങ്ങൾ കിട്ടുക എന്നത്.
ബഹുമാനപ്പെട്ട നീതിന്യായവ്യവസ്ഥിതിക്കറിയാമോ ജനിച്ചു വീഴുമ്പോൾ മുതൽ അല്ലെങ്കിൽ ഒന്നും രണ്ടും വയസ്സുമുതൽ ഒരുദിവസത്തിൽ അഞ്ചും ആറും പ്രാവശ്യം ഇൻസുലിൻ ഇൻജെക്ഷൻ എടുക്കുകയും ഏഴു മുതൽ പത്തു പ്രാവശ്യം വരെ കുഞ്ഞിക്കൈകളിൽ കുത്തി ചോരയെടുത്തു ഷുഗർ നോക്കുന്ന കുഞ്ഞുങ്ങളെയും അമ്മമാരെയും, ചെറുപ്പത്തിൽ ഷുഗർബാധിച്ചു കണ്ണുകളുടെ കാഴ്ച്ച പോയവർ, കിഡ്നി തകരാറിലായവർ, കിഡ്നി മാറ്റൽ ശാസ്ത്രക്രിയ കഴിഞ്ഞ് പരാജയപെട്ടു ഡയാലിസിസ് ചെയ്യുന്നവർ, ഷുഗർ കുറഞ്ഞുപോയി അച്ഛനമ്മമാരുടെ മുൻപിൽ മരിച്ചു വീണവർ, ഉറക്കത്തിൽ ഷുഗർ കുറഞ്ഞുപോയി നാക്കും കയ്യും കടിച്ചുമുറിച്ചു അപസ്മാരം ഇളകിയ കുഞ്ഞുങ്ങൾ.., ഷുഗർ കുറഞ്ഞുപോകുമോ എന്ന് പേടിച്ച് ഒരു രണ്ടുമണിക്കൂർ പോലും സ്വസ്ഥമായി ഉറങ്ങാൻ കഴിയാത്ത അമ്മമാരെ കുറിച്ച് അങ്ങനെ ഞങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ പട്ടിക എഴുതിയാൽ തീരില്ല…
കുഞ്ഞിന്റെ ഷുഗർ കൂടുന്നതും കുറയുന്നതും ഏതുസമയത്താണ് എന്നറിയാതെ കുഞ്ഞുങ്ങൾക്ക് സ്കൂളുകളിൽ കാവലിരിക്കുന്ന അമ്മമാരേകുറിച്ചു അറിയുമോ നീതിപീഠമേ.. അമ്മമാരെല്ലാം മൃത പ്രായരായിരിക്കുന്നു..
ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കുഞ്ഞു ശരീരത്തിൽ സൂചി കുത്തിയിറക്കാതെയും, കുഞ്ഞിക്കൈകളിൽ കുത്തിനോവിക്കാതെ ഷുഗർ നോക്കാനും.. ഒരുവീട്ടിലെ അഞ്ച് പേർക്ക് കുഞ്ഞിന്റെ ഷുഗർ വാല്യൂസ് എവിടെയിരുന്നു വേണമെങ്കിലും നിരീക്ഷിക്കാൻ പറ്റുന്ന ടെക്നോളജികൾ ഉള്ള ഈ കാലഘട്ടത്തിൽ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഇതൊന്നും കൊടുക്കാൻ മാതാപിതാക്കളായ ഞങ്ങൾക്ക് സാധിക്കാതെ വരുമ്പോളുണ്ടാകുന്ന മാനസികാവസ്ഥ ബഹുമാനപ്പെട്ട നീതിപീഠം അറിയാൻ ശ്രമിക്കേണമേ..
കാശുള്ളവർ അമേരിക്കയിലൊക്കെ പോയി ഈ പറഞ്ഞ സൗകര്യങ്ങൾ എല്ലാം വെച്ചുകൊണ്ട് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ മുൻപിൽ കൂടെ നടക്കുമ്പോൾ ഞങ്ങൾ ഹൃദയം തകർന്ന് ചോദിക്കുകയാണ് സാമ്പത്തികമാണോ ഈ ഭൂമിയിൽ ജീവന് വില നിശ്ചയിക്കുന്നത്. ഭരണകൂടത്തിനോടും നീതന്യായവ്യവസ്ഥയോടും ഈ അമ്മ പറയുകയാണ് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവിതം ആരോഗ്യകരമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകണം എങ്കിൽ കുഞ്ഞുങ്ങളുടെ ഷുഗർലെവൽ ഒരു ദിവസം 70% എങ്കിലും 70തിനും 180നും ഇടയിൽ നിർത്തുവാൻ സാധിച്ചാലേ കുഞ്ഞുങ്ങൾ മാനസികവും ശരീരികവുമായി മിടുക്കരായി വളരുവാൻ സാധിക്കു..
അതിനു ഞങ്ങൾക്ക് അമേരിക്കയിലും ജർമനിയിലും ഒക്കെ ഉള്ള ടെക്നോളജികൾ അത്യന്താപേക്ഷിതം ആണ്… ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഓരോ നിമിഷവും വിലപിടിച്ചതാണ്.. ഇന്നെങ്കിൽ ഇന്ന് നാളെയെങ്കിൽ നാളെ അധികം കാത്തുനിൽക്കാൻ ആവതില്ല അമ്മമാർക്ക്… കാരണം അമ്മയായത് കൊണ്ട് തന്നെ…ബഹുമാനപ്പെട്ട നീതിപീഠമേ താമസംവിന അമ്മമാരുടെ വേദന, അമ്മമാരുടെ ഹൃദയ മിടിപ്പ് നീതിപീഠത്തിൻ ചെവികളിൽ മുഴങ്ങുകയും.. കുഞ്ഞുമക്കളുടെ രക്തം കാണാതെ ഒരു ദിവസമെങ്കിലും, ഉറങ്ങാത്ത അമ്മമാരായ ഞങ്ങൾക്ക് ഉറങ്ങണം.
ഷാന വിജേഷ്
Story highlights: Type1-diabetes mother Shana touching words