‘വിക്രം വേദ’ ഹിന്ദി പതിപ്പിന്റെ ചിത്രീകരണം പൂർത്തിയായി; ചിത്രങ്ങൾ പങ്കുവെച്ച് ഹൃത്വിക് റോഷൻ

June 10, 2022

2017 ലെ തമിഴിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു വിക്രം വേദ. പുഷ്കര്‍- ​ഗായത്രി സംവിധായക ദമ്പതികള്‍ ഒരുക്കിയ ചിത്രത്തിൽ വിജയ് സേതുപതിയും മാധവനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങിയ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്ത ആരാധകർക്ക് വലിയ ആവേശം നൽകിയിരുന്നു. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോൾ വിക്രം വേദയുടെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണം പൂർത്തിയായി എന്ന വാർത്തയാണ് പുറത്തു വരുന്നത്. നടൻ ഹൃത്വിക് റോഷൻ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ ഷൂട്ട് പാക്കപ്പ് ആയതിന്‍റെ സന്തോഷം പങ്കുവെച്ചത്. സംവിധായകരുടെ ഒപ്പമുള്ള ഹൃത്വിക് റോഷന്റെയും സെയ്ഫ് അലി ഖാന്റെയും ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

തമിഴിൽ വിക്രം വേദയൊരുക്കിയ ഗായത്രി- പുഷ്‌കർ കൂട്ടുകെട്ടിൽ തന്നെയാണ് ഹിന്ദി പതിപ്പും ഒരുങ്ങുന്നത്. അമീർ ഖാനെയാണ് ചിത്രത്തിനു വേണ്ടി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അമീർ ഖാന് പകരമായാണ് ഹൃത്വിക് റോഷൻ ചിത്രത്തിന്റെ ഭാഗമായത്. ചിത്രം സെപ്തംബർ 30 മുതലാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

Read More: “അടി കൊള്ളാൻ തയാറായി തന്നെയാണ് സീനിൽ നിന്നത്, പക്ഷെ അദ്ദേഹത്തിന്റെ ടൈമിംഗ് അത്ഭുതപ്പെടുത്തി”; കമൽ ഹാസനോപ്പം അഭിനയിച്ചതിന്റെ രസകരമായ ഓർമ്മകൾ പങ്കുവെച്ച് ശാന്തി കൃഷ്‌ണ

അതേസമയം 2017-ൽ പ്രേക്ഷകരിലേക്കെത്തിയ തമിഴ് ചിത്രമാണ് വിക്രം വേദ. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ എസ് ശശികാന്ത് ആയിരുന്നു ചിത്രത്തിന്റെ നിർമാണം. ആർ മാധവൻ, വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആക്ഷൻ ത്രില്ലർ ചിത്രം തിയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടി. നിരൂപക പ്രശംസകൾ നേടിയ ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും ഹിറ്റായിരുന്നു.

Story Highlights: Vikram vedha hindi shooting pack up