“അടി കൊള്ളാൻ തയാറായി തന്നെയാണ് സീനിൽ നിന്നത്, പക്ഷെ അദ്ദേഹത്തിന്റെ ടൈമിംഗ് അത്ഭുതപ്പെടുത്തി”; കമൽ ഹാസനോപ്പം അഭിനയിച്ചതിന്റെ രസകരമായ ഓർമ്മകൾ പങ്കുവെച്ച് ശാന്തി കൃഷ്‌ണ

June 10, 2022

മലയാളികളുടെ ഇഷ്ടനടിയാണ് ശാന്തി കൃഷ്‌ണ. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ഒരിടവേളയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമായിരിക്കുകയാണ്. കുറെയേറെ നാളത്തെ ഇടവേളയ്ക്ക് ശേഷം താരം അഭിനയിച്ച ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രം വലിയ വിജയമായി മാറിയിരുന്നു. ചിത്രത്തിലെ ശാന്തി കൃഷ്‌ണയുടെ അഭിനയമികവിനും വലിയ പ്രശംസ ലഭിച്ചിരുന്നു.

ഇപ്പോൾ അറിവിന്റെ വേദിയിൽ അതിഥിയായി എത്തിയിരിക്കുകയാണ് ശാന്തി കൃഷ്‌ണ. നിരവധി വിശേഷങ്ങൾ പങ്കുവെച്ച താരം ഉലകനായകൻ കമൽ ഹാസന്റെ കൂടെ അഭിനയിച്ചതിന്റെ ഓർമ്മകളും വേദിയിൽ പങ്കുവെച്ചിരുന്നു. കമൽ ഹാസനൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചതിനെ പറ്റിയാണ് ശാന്തി കൃഷ്‌ണ സംസാരിച്ചത്.

ചിത്രത്തിലെ ഒരു സീനിൽ കമൽ ഹാസന്റെ കഥാപാത്രം ശാന്തി കൃഷ്‌ണയുടെ കഥാപാത്രത്തിന്റെ കവിളത്ത് അടിക്കേണ്ടതുണ്ടായിരുന്നു. അപ്പോൾ അടി കൊള്ളാൻ തന്നെ തയാറായിട്ടാണ് സീനിൽ നിന്നതെന്ന് പറയുകയാണ് താരം. എന്നാൽ അടിക്കാൻ വന്ന കമൽ ഹാസന്റെ ടൈമിംഗ് അപാരമായിരുന്നു എന്ന് പറയുകയാണ് ശാന്തി കൃഷ്‌ണ. സിനിമയിലെ സീൻ ഇപ്പോൾ കാണുമ്പോൾ അദ്ദേഹം കനത്ത അടി നൽകിയത് പോലെ തോന്നുമെങ്കിലും റിയാക്ഷൻ ഇടാനുള്ള ഒരു സമയത്തിന് വേണ്ടി മാത്രം കവിളത്ത് ചെറുതായി ഒന്ന് തൊടുക മാത്രമാണ് ചെയ്‌തതെന്നും താരം കൂട്ടിച്ചേർത്തു. അത് കമൽ ഹാസൻ എന്ന മഹാനടന്റെ അഭിനയമികവാണെന്നും ശാന്തി കൃഷ്‌ണ കൂട്ടിച്ചേർത്തു.

അതേ സമയം കമൽ ഹാസന്റെ ‘വിക്രം’ വമ്പൻ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്‌ത്‌ രണ്ട് ദിവസത്തിനകം തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ പ്രവേശിച്ചിരുന്നു.

Read More: ‘കെജിഎഫ് 2’-ലെ ഹിറ്റ് ഡയലോഗിന് അനുകരണമൊരുക്കി വൃദ്ധി വിശാൽ- വിഡിയോ

Story Highlights: Shanthi krishna shares her experience acting with kamal hasan