മൂന്ന് വർഷങ്ങൾക്ക് മുൻപ് കാണാതായ ബാഗ് തിരികെ ലഭിച്ചു; വിശ്വസിക്കാനാകാതെ യുവതി
നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കുന്നത് വളരെയധികം സന്തോഷം ലഭിക്കുന്നതാണ്. എന്നാൽ ഒരിക്കലും തിരികെ ലഭിക്കില്ല എന്നുറപ്പിച്ച വസ്തുക്കൾ അപ്രതീക്ഷിതമായി തന്നെ തേടിയെത്തുമ്പോൾ നമുക്ക് ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരനുഭവം പങ്കുവയ്ക്കുകയാണ് ഖദീജ എന്ന യുവതി. 2018 ലാണ് എയർപോട്ടിൽ വെച്ച് ഖദീജയ്ക്ക് തന്റെ വസ്തുക്കൾ അടങ്ങിയ ബാഗ് നഷ്ടമാകുന്നത്.
ബാഗ് നഷ്ടപ്പെടുമ്പോൾ അതിൽ ഒരു ഐപാഡ്, കിൻഡിൽ, ഹാർഡ് ഡിസ്ക് എന്നിവയുൾപ്പടെ ഉണ്ടായിരുന്നു. ഫോണിന്റെ ബാക്കപ്പുകൾ സൂക്ഷിച്ച ഹാർഡ് ഡിസ്കയിരുന്നു അത്. വിലയേറിയ ഒട്ടനവധി രേഖകളും ഡീറ്റൈൽസും ഇതോടെ ഖദീജയ്ക്ക് നഷ്ടമായി. അതുകൊണ്ടുതന്നെ ഇത് ഖദീജയ്ക്ക് വളരെയധികം വിഷമമായ ഒന്നായിരുന്നു. പിന്നീട് അതിന് വേണ്ടിയുള്ള തിരച്ചിലും അന്വേഷണങ്ങളും നടത്തിയെങ്കിലും അത് തിരികെ ലഭിച്ചില്ല. വർഷങ്ങൾ കഴിഞ്ഞതോടെ ഈ ബാഗിനെക്കുറിച്ചുള്ള ഓർമകളും ഇല്ലാതായി.
ഇപ്പോഴിതാ മൂന്ന് വർഷങ്ങൾക്ക് ശേഷം വളരെ അപ്രതീക്ഷിതമായി ഈ ബാഗ് ഖദീജയ്ക്ക് തിരികെ ലഭിച്ചിരിക്കുകയാണ്. നഷ്ടപ്പെട്ട ഖദീജയുടെ വസ്തുക്കൾ തൻറെ പക്കൽ ഉണ്ടെന്ന് പറഞ്ഞ് അവരെത്തേടി ഒരു ഫോൺകോൾ വരുകയായിരുന്നു. ആദ്യം അയാൾ പറയുന്നത് മനസിലായില്ലെങ്കിലും പിന്നീട്, പറയുന്നത് തന്റെ നഷ്ടമായ ബാഗിനെക്കുറിച്ചാണെന്നറിഞ്ഞ ഖദീജ ഇത് അന്വേഷിച്ച് ഇവിടേക്ക് എത്തുകയായിരുന്നു. തന്റെ ഹാർഡ് ഡിസ്കിലെ ഡീറ്റെയിൽസിൽ നിന്നും തന്റെ സുഹൃത്തിന്റെ നമ്പർ കണ്ടുപിടിച്ച്, അവരോട് ഖദീജയുടെ നമ്പർ വാങ്ങിയാണ് ഈ ഷോപ്പുടമ ഖദീജയെ വിളിച്ചത്. അദ്ദേഹത്തിന്റെ അരികിൽ ഈ ബാഗിലെ സാധനങ്ങൾ വിൽക്കാൻ ഒരാൾ എത്തിയപ്പോഴാണ് ഒരു സംശയം തോന്നിയ ഷോപ്പുടമ യഥാർത്ഥ ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിയത്.
അതേസമയം ഖദീജ തന്നെയാണ് ഈ സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
Story highlights: woman reunited with bag lost 3 years ago