മുറിയ്ക്കുമ്പോൾ രക്തം ചീറ്റുന്ന മരം; കൗതുകമായ കാഴ്ചയ്ക്ക് പിന്നിൽ…
അത്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി. ഒന്നും രണ്ടുമല്ല ഒട്ടനവധി രഹസ്യങ്ങളാണ് ദിവസവും പ്രകൃതിയിൽ നമ്മെ കാത്തിരിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഏറെ കൗതുകം ഒളിപ്പിച്ച ഒരു മരമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഡ്രാഗൺ ബ്ലഡ് ട്രീ എന്ന മരമാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ രക്തം ചീറ്റുന്ന മരമാണിത്. ഈ മരത്തിൽ നിന്നും രക്തം പോലെ ഒരു ദ്രാവകം പുറത്തേക്ക് വരും. ഇക്കാരണം കൊണ്ടുതന്നെയാണ് ഈ വൃക്ഷത്തെ ബ്ലഡ് ട്രീ എന്ന് വിളിക്കുന്നതും.
അതേസമയം ഈ മരത്തിൽ നിന്നും പുറത്തേക്ക് വരുന്ന ഈ ദ്രാവകം നിരവധി കാര്യങ്ങൾക്കായി ഉപയോഗിക്കാറുമുണ്ടത്രെ. മരുന്ന് മുതൽ ലിപ്സ്റ്റിക്ക് വരെയുണ്ടാക്കാൻ ഇത് ഉപയോഗിക്കും. ഈ മരം മുറിയ്ക്കുമ്പോൾ ഇതിൽ നിന്നും വല്യ അളവിൽ ചുവന്ന നിറമുള്ള ദ്രാവകം പുറത്തേക്ക് വരാറുണ്ട്. അതേസമയം ഈ വൃക്ഷം ഇതിന്റെ രൂപംകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഒരു കൂണിന്റെ ആകൃതിയിലാണ് ഈ വൃക്ഷം വളരുക.
സാധാരണയായി 18 മീറ്ററോളമാണ് ഇവയുടെ ഉയരം. എന്നാൽ കാലാവസ്ഥയിലെ മാറ്റത്തിനനുസരിച്ച് ചിലയിടങ്ങളിൽ ഇവയുടെ ഉയരത്തിലും ആകൃതിയിലും മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ഈ വൃക്ഷം അറബിക്കടലിൽ യെമൻ തീരത്ത് സൊകോത്ര ദ്വീപിലാണ് ഇപ്പോൾ കാണുന്നത്. എന്നാൽ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ ഈ മരവും പ്രകൃതിയിൽ നിന്നും വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഈ ഡ്രാഗൺ ബ്ലഡ് ട്രീയ്ക്ക് സിന്നബാർ എന്ന മറ്റൊരു പേരും കൂടിയുണ്ട്. കൂടുതലും പൂർവികരാണ് ഈ മരത്തെ സിന്നബാർ എന്ന് വിളിച്ചിരുന്നത്.
Story highlights: World’s most unique tree pours blood out