സിനിമ ലൊക്കേഷനിൽവെച്ച് നടൻ പ്രേംനസീറിന്റെ കാലിൽ ചെറുതായൊന്ന് നുള്ളാനുണ്ടായ കാരണത്തെക്കുറിച്ച് മനസുതുറന്ന് ഇന്ദ്രൻസ്…

June 11, 2022

അഭിനയമികവുകൊണ്ടും ലാളിത്യം കൊണ്ടും മലയാളി ഹൃദയങ്ങളിൽ ഇടംനേടിയ നടനാണ് ഇന്ദ്രൻസ്…. സിനിമയിൽ കോസ്റ്റും സഹായിയായി വന്ന് പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരമടക്കം കരസ്ഥമാക്കിയിട്ടുണ്ട് ഇന്ദ്രൻസ്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന അറിവിന്റെ വേദിയിൽ മത്സരിക്കാൻ എത്തിയിരിക്കുകയാണ് ഇന്ദ്രൻസ്. അറിവിനൊപ്പം സിനിമ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ വേദിയിൽ മനസ് തുറക്കുന്നുണ്ട് താരം. ഇപ്പോഴിതാ സിനിമയിലെ തന്റെ ആദ്യകാലത്ത് നടൻ പ്രേംനസീറിനെ കണ്ടപ്പോഴുള്ള രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് താരം.

സിനിമാതാരങ്ങളുടെ വസ്ത്രങ്ങളും മറ്റും തയാറാക്കികൊടുക്കുന്ന കോസ്റ്റും സഹായിയായി വന്നപ്പോഴാണ് ഇന്ദ്രൻസ് പ്രേംനസീറിനെ കാണുന്നത്. പ്രേംനസീറിന് വസ്ത്രങ്ങൾ നൽകുമ്പോൾ ഒരിക്കലെങ്കിലും അദ്ദേഹം ഒന്ന് മിണ്ടിയിരുന്നെങ്കിൽ എന്ന് ഇന്ദ്രൻസ് ആഗ്രഹിച്ചിരുന്നു. എന്നാൽ വസ്ത്രങ്ങൾ കൊള്ളാമെന്നോ അതിലെ പ്രശ്നങ്ങളെക്കുറിച്ചോ ഒന്നും ഒരിക്കലും അദ്ദേഹം പറഞ്ഞിരുന്നില്ല. ആ സാഹചര്യത്തിൽ പ്രേംനസീർ തന്നോടൊന്ന് സംസാരിക്കുന്നതിനായി അദ്ദേഹത്തിന്റെ കാലിൽ ഒരു ചെറിയ നുള്ള് നൽകിയ അനുഭവത്തെക്കുറിച്ച് പറയുകയാണ് ഇന്ദ്രൻസ്.

Read also: കുറെ നാളായി ഭദ്രനാട്യമൊക്കെ കളിച്ചിട്ടെന്ന് മേഘ്‌നക്കുട്ടി; ബിന്നി കൃഷ്ണകുമാറിന്റെയും എംജെയുടെയും ചലഞ്ച് ഏറ്റെടുത്ത് കുരുന്ന് ഗായിക

പ്രേംനസീറിന് കാലിൽ സോക്സ് ഇട്ട് നൽകുമ്പോഴാണ് അദ്ദേഹത്തിന്റെ കാലിൽ താൻ പിച്ചിയതെന്നും, എന്നാൽ അപ്പോഴും അദ്ദേഹം തന്നോട് ഒന്നും മിണ്ടിയില്ലെന്നും രസകരമായി പറയുകയാണ് ഇന്ദ്രൻസ്. അതേസമയം ഫ്ളവേഴ്സ് ഒരുകോടിയിലെ റോബോർട്ട് കുട്ടേട്ടന്റെ ചോദ്യത്തിനുള്ള ഉത്തരമായാണ് ഇന്ദ്രൻസ് ഈ രസകരമായ അനുഭവം അവതാരകൻ ആർ ശ്രീകണ്ഠൻ നായരുമായി പങ്കുവെച്ചത്.

സുരേന്ദ്രൻ എന്നായിരുന്നു ഇന്ദ്രൻസിന്റെ ആദ്യകാലത്തെ പേര്. സിനിമയിൽ വന്നതിന് ശേഷമാണ് അദ്ദേഹം ഈ പേര് മാറ്റിയത്. സിനിമയിലെക്കുള്ള വരവിനെക്കുറിച്ചും ഇപ്പോൾ വെള്ളിത്തിരയിലെ തിരക്കുള്ള താരമായി മാറിയതുമുൾപ്പെടെ രസകരമായ ഒട്ടനവധി കാര്യങ്ങൾ ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ അദ്ദേഹം വെളിപ്പെടുത്തി.

Story highlights: Indrans funny experience with Prem Nazir