വികാരാധീനനായി ആമിർ ഖാൻ; ചിരഞ്ജീവിക്കും രാജമൗലിക്കുമായി ലാൽ സിങ് ഛദ്ദയുടെ സ്പെഷ്യൽ സ്ക്രീനിങ്, ഒപ്പം നാഗാർജുനയും

July 18, 2022

ആമിർ ഖാൻ നായകനായ ലാൽ സിങ് ചദ്ദ ഓഗസ്റ്റ് 11 ന് റിലീസിനൊരുങ്ങുകയാണ്. നാല് വർഷങ്ങൾക്ക് ശേഷമാണ് താരത്തിന്റെ ഒരു ചിത്രം തിയേറ്ററുകളിലെത്തുന്നത്. ആമിർ ഖാന്റെ ഏറ്റവും വലിയ സ്വപ്‌ന സിനിമകളിലൊന്നാണ് ലാൽ സിങ് ചദ്ദ. കൊവിഡ് വന്നതോടെയാണ് ചിത്രത്തിന്റെ ചിത്രീകരണവും റിലീസുമൊക്കെ നീണ്ടു പോയത്.

ഇപ്പോൾ തെലുങ്ക് സൂപ്പർ താരങ്ങളായ ചിരഞ്ജീവിക്കും നാഗാർജുനയ്ക്കും ഒപ്പം സംവിധായകൻ രാജമൗലിക്കുമായി ചിത്രത്തിന്റെ പ്രത്യേക പ്രിവ്യു നടന്നിരിക്കുകയാണ്. ചിരഞ്ജീവിയുടെ ഹൈദരാബാദിലെ വസതിയിൽ വച്ചായിരുന്നു സ്ക്രീനിങ്. നാഗാർജുനയുടെ മകനും തെലുങ്ക് സൂപ്പർ താരവുമായ നാഗ ചൈതന്യയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് തിയേറ്ററുകളിലെത്തിക്കുന്നത് ചിരഞ്ജീവിയാണ്.

പ്രീവ്യൂവിന്റെ വിഡിയോ ചിരഞ്ജീവി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. പ്രീവ്യൂവിന് ശേഷം ആമിർ ഖാൻ വികാരാധീനനാവുന്നത് വിഡിയോയിൽ ദൃശ്യമാണ്. വർഷങ്ങളോളമുള്ള കാത്തിരിപ്പിന് ശേഷമാണ് ചിത്രം ഇപ്പോൾ റിലീസ് ചെയ്യുന്നത്. ചിരഞ്ജീവി, നാഗാർജുന, രാജമൗലി, പുഷ്‌പയുടെ സംവിധായകനായ സുകുമാർ അടക്കമുള്ളവർ ആമിർ ഖാനെ അഭിനന്ദിക്കുന്നതും വിഡിയോയിൽ കാണാം. ആമിറിനെ കെട്ടിപ്പിടിച്ചാണ് ചിരഞ്ജീവി അഭിനന്ദിക്കുന്നത്.

Read More: ഇരുപതുകാരനായും അൻപതുകാരനായും ആമിർ ഖാൻ; ‘ലാൽ സിംഗ് ഛദ്ദ’ ട്രെയ്‌ലർ

അതേ സമയം 1994 ൽ റിലീസ് ചെയ്‌ത ടോം ഹാങ്ക്സിന്റെ ഫോറസ്റ്റ് ഗംപ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ലാൽ സിംഗ് ഛദ്ദ. ടോം ഹാങ്ക്സിന് മികച്ച നടനുള്ള ഓസ്‌കർ അവാർഡ് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഫോറസ്റ്റ് ഗംപ്. 25 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം ഇപ്പോൾ ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നത്. ആമിർഖാൻ പ്രൊഡക്ഷൻസും വയാകോം 18 മോഷൻ പിക്ചേഴ്സും ചേർന്നാണ് ലാൽ സിംഗ് ഛദ്ദ നിർമ്മിക്കുന്നത്.
Story Highlights: Aamir khan becomes emotional at lal sing chaddha preview