“എന്റെ ജീവിതം മാറ്റിമറിച്ച കഥാപാത്രം..”; മോഹൻലാൽ ചിത്രം സ്പിരിറ്റിലെ മണിയൻ എന്ന കഥാപാത്രം തന്നെ തേടിയെത്തിയതിനെ പറ്റി നന്ദു
ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്ത നടനാണ് നന്ദു. ആളുകളെ പൊട്ടിച്ചിരിപ്പിച്ച കോമഡി കഥാപാത്രങ്ങൾ ചെയ്തു തുടങ്ങിയ നന്ദു കഴിഞ്ഞ കുറച്ചു കാലങ്ങളായി വളരെ ഗൗരവമുള്ള കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചാണ് പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങിയത്. നടൻ നന്ദു ഫ്ളവേഴ്സ് ഒരു കോടി വേദിയിലെത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.
പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ‘നാല് പെണ്ണുങ്ങൾ’ എന്ന ചിത്രത്തിലെ കഥാപാത്രമാണ് തന്റെ അഭിനയജീവിതത്തിൽ വലിയ വഴിത്തിരിവായതെന്നാണ് നന്ദു പറയുന്നത്. കാരണം തനിക്ക് ആദ്യമായി കിട്ടിയ വളരെ ഗൗരവമുള്ള കഥാപാത്രമായിരുന്നു അതെന്നും അതിലൂടെയാണ് തന്നെ ഏറെ പ്രശസ്തനാക്കിയ മറ്റൊരു കഥാപാത്രം തനിക്ക് ലഭിക്കുന്നതെന്നും നന്ദു കൂട്ടിച്ചേർത്തു.
രഞ്ജിത്ത് സംവിധാനം ചെയ്ത ‘സ്പിരിറ്റ്’ എന്ന മോഹൻലാൽ ചിത്രത്തിലെ മണിയൻ എന്ന കഥാപാത്രത്തെ പറ്റിയാണ് നന്ദു അറിവിന്റെ വേദിയിൽ സംസാരിച്ചത്. നന്ദു എന്ന നടന് വലിയ അംഗീകാരങ്ങളും കൈയടിയും നേടിക്കൊടുത്ത ഒരു കഥാപാത്രമായിരുന്നു സ്പിരിറ്റിലെ മണിയൻ. തന്റെ ജീവിതം തന്നെ മാറ്റിമറിച്ച കഥാപാത്രമായിരുന്നു അതെന്നാണ് നന്ദു പറയുന്നത്. സിനിമ പുറത്തിറങ്ങി പത്ത് വർഷത്തോളമായെങ്കിലും ഇപ്പോഴും ആളുകൾ ആ കഥാപാത്രത്തെ പറ്റി തന്നോട് സംസാരിക്കാറുണ്ടെന്നാണ് നന്ദു പറയുന്നത്.
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഫ്ളവേഴ്സ് ഒരു കോടി. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന പരിപാടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്ളവേഴ്സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്.
Story Highlights: Actor nandu about his character in spirit