‘റാണി നന്ദിനി, പ്രതികാരത്തിന്റെ സുന്ദരമായ മുഖം..’; പൊന്നിയിൻ സെൽവനിലെ ഐശ്വര്യ റായിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

July 6, 2022

സെപ്റ്റംബർ 30 നാണ് വിഖ്യാത സംവിധായകൻ മണി രത്നത്തിന്റെ ഇതിഹാസ സിനിമയായ ‘പൊന്നിയിൻ സെൽവന്റെ’ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. ഒരു പക്ഷെ ഇന്ത്യൻ സിനിമ പ്രേക്ഷകർ ഇത്രത്തോളം കാത്തിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാവുമോയെന്നത് സംശയമാണ്. ലോക സിനിമയിലെ തന്നെ പ്രശസ്‌ത സംവിധായകരിലൊരാളായ മണി രത്നത്തിന്റെ സ്വപ്‌ന സിനിമയാണ് പൊന്നിയിൻ സെൽവൻ. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്.

വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, പാർത്ഥിപൻ, സത്യരാജ്, തൃഷ, ജയറാം, ശോഭിതാ ദുലിപാല, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്. നേരത്തെ ചിത്രത്തിലെ വിക്രത്തിന്റെയും കാർത്തിയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു.

ഇപ്പോൾ ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഐശ്വര്യ റായിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. ചോള സാമ്രാജ്യത്തിലെ പഴുവൂരിലെ രാജ്ഞിയായ നന്ദിനിയെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ‘പ്രതികാരത്തിന് സുന്ദരമായ ഒരു മുഖമുണ്ട്. പഴുവൂരിലെ രാജ്ഞിയായ നന്ദിനി’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടത്.

Read More: താരസമ്പന്നമായ മറ്റൊരു ചിത്രമൊരുങ്ങുന്നു; ‘പുഷ്‌പ 2’ വിൽ ഫഹദിനും അല്ലുവിനുമൊപ്പം വിജയ് സേതുപതി അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്

കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്. മണിരത്നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമയുടെ നിർമാണം നിർവഹിച്ചരിക്കുന്നത്.

Story Highlights: Aiswarya rai ponniyin selvan first look poster released