താരസമ്പന്നമായ മറ്റൊരു ചിത്രമൊരുങ്ങുന്നു; ‘പുഷ്‌പ 2’ വിൽ ഫഹദിനും അല്ലുവിനുമൊപ്പം വിജയ് സേതുപതി അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്

July 6, 2022

അടുത്തിടെ ഇന്ത്യൻ സിനിമയിൽ ദക്ഷിണേന്ത്യൻ ചിത്രങ്ങളുടെ തേരോട്ടമാണ്. ആർആർആർ, പുഷ്‌പ, കെജിഎഫ് 2 അടക്കമുള്ള തെന്നിന്ത്യൻ ചിത്രങ്ങൾ ഇന്ത്യയൊട്ടാകെ വലിയ വിജയമായപ്പോൾ പല ബോളിവുഡ് സിനിമകളുടെയും വിജയത്തെ അത് സാരമായി ബാധിച്ചിരുന്നു.

താരസമ്പന്നമായ കമൽ ഹാസന്റെ വിക്രമാണ് ഏറ്റവും അവസാനം വമ്പൻ വിജയം നേടിയ തെന്നിന്ത്യൻ ചിത്രം. ഇന്ത്യൻ സിനിമയിലെ മൂന്ന് ഇതിഹാസ താരങ്ങളായ കമൽ ഹാസനും വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിച്ച ചിത്രം കൂറ്റൻ വിജയമാണ് തിയേറ്ററുകളിൽ നേടിയത്.

വിക്രത്തിന് ശേഷം ഫഹദ് ഫാസിൽ-വിജയ് സേതുപതി ഹിറ്റ് കോംബോ വീണ്ടും ആവർത്തിക്കാൻ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന അല്ലു അർജുൻ ചിത്രം ‘പുഷ്‌പ 2’ വിലാണ് വിജയ് സേതുപതി ഫഹദിനും അല്ലു അർജുനുമൊപ്പം അഭിനയിക്കുന്നുവെന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. പുഷ്‌പയുടെ ആദ്യ ഭാഗത്തിൽ ഫഹദ് പ്രധാന വില്ലനായി അഭിനയിച്ചിരുന്നു. ഇപ്പോൾ വിജയ് സേതുപതിയുടെ കഥാപാത്രത്തെ പറ്റി അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

അതേ സമയം കഴിഞ്ഞ ഡിസംബർ 17 നാണ് സിനിമ ആരാധകരെ ആവേശം കൊള്ളിച്ച് ‘പുഷ്‌പ’ റിലീസിനെത്തിയത്. സുകുമാർ സംവിധാനം നിർവഹിച്ച ‘പുഷ്‌പ’ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ തരംഗമായിരുന്നു. കള്ളക്കടത്തുകാരൻ പുഷ്പരാജായി അല്ലു അർജുൻ വേഷമിട്ട ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രവും ഏറെ ശ്രദ്ധനേടിയിരുന്നു.

Read More: മഹേഷ് നാരായണൻ- ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുതിയ ചിത്രം; റിലീസിനൊരുങ്ങി മലയൻകുഞ്ഞ്

തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വലിയ റെക്കോർഡിട്ടിരുന്നു. 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചു കൊണ്ട് ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. രജനി കാന്തിനും, പ്രഭാസിനും ശേഷം ബോളിവുഡിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന മൂന്നാമത്തെ സൗത്ത് ഇന്ത്യൻ താരമായി മാറുകയായിരുന്നു ഇതോടെ അല്ലു അർജുൻ.

Story Highlights: Vijay sethupathy to star in pushpa 2