പൃഥ്വിരാജിന്റെ കാപ്പയിലേക്ക് ദേശീയ പുരസ്ക്കാര ജേതാവ് അപർണ്ണ ബാലമുരളിയെത്തുന്നു; മഞ്ജു വാര്യരുടെ റോളിലേക്കെന്ന് സൂചന
ഷൂട്ടിംഗ് തുടങ്ങിയ നാളെ മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ ‘കാപ്പ.’ ഷാജി കൈലാസ് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കടുവയുടെ വമ്പൻ വിജയത്തിന് ശേഷം ഷാജി കൈലാസിനൊപ്പം പൃഥ്വിരാജ് കൈകോർക്കുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് ചിത്രത്തിലുള്ളത്.
ഇപ്പോൾ മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിയ അപർണ്ണ ബാലമുരളി ചിത്രത്തിലെക്കെത്തുന്നു എന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. നേരത്തെ മഞ്ജു വാര്യർ അഭിനയിക്കാനിരുന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡേറ്റ് പ്രശ്നങ്ങൾ കാരണമാണ് മഞ്ജു വാര്യർ ചിത്രത്തിൽ നിന്നും പിന്മാറിയത്.
ആസിഫ് അലിയും അന്ന ബെന്നും കാപ്പയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജി.ആർ.ഇന്ദുഗോപന്റെ ‘ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തിയറ്റര് ഓഫ് ഡ്രീംസ്, ഫെഫ്കെ റൈറ്റേഴ്സ് യൂണിയൻ എന്നിവരുടെ സഹകരണത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
നേരത്തെ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയിരുന്നു. ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലാവുകയും ചെയ്തിരുന്നു.
Read More: ദേശീയ പുരസ്ക്കാര ജേതാക്കളെ അഭിനന്ദിച്ച് താരങ്ങൾ; സൂര്യയ്ക്കിത് പിറന്നാൾ സമ്മാനം
അതേ സമയം വലിയ വരവേൽപ്പാണ് മലയാളി പ്രേക്ഷകർ കടുവയ്ക്ക് നൽകിയത്. തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറിയ കടുവ മികച്ച വിജയം നേടിക്കൊണ്ടിരിക്കുകയാണ്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം മറ്റ് ഭാഷകളിലും മികച്ച വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷനാണ് ചിത്രം നേടിയത്.
Story Highlights: Aparna balamurali joins kappa movie