ദേശീയ പുരസ്‌ക്കാര ജേതാക്കളെ അഭിനന്ദിച്ച് താരങ്ങൾ; സൂര്യയ്ക്കിത് പിറന്നാൾ സമ്മാനം

July 23, 2022

അറുപത്തിയെട്ടാമത്‌ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ വലിയ നേട്ടമുണ്ടാക്കിയത് മലയാളം തമിഴ് സിനിമകളാണ്. ഏറ്റവും പ്രധാനപ്പെട്ട പുരസ്‌ക്കാരങ്ങളൊക്കെ നേടിയത് ഇരു ഭാഷകളിൽ നിന്നുമുള്ള ചിത്രങ്ങളായിരുന്നു. തമിഴ് ചിത്രം സൂരരൈ പൊട്രുവും മലയാളം സിനിമ അയ്യപ്പനും കോശിയുമാണ് ഏറ്റവും കൂടുതൽ പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയത്. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന സൂര്യയ്ക്ക് പിറന്നാൾ സമ്മാനമായാണ് പുരസ്‌ക്കാര നേട്ടമെത്തിയത്.

ഇപ്പോൾ പുരസ്‌ക്കാര ജേതാക്കളെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ താരങ്ങൾ. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ധനുഷ് അടക്കമുള്ള പ്രമുഖരൊക്കെ വിജയികൾക്ക് ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവെച്ചു.

“എല്ലാ ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾക്കും, പ്രത്യേകിച്ച് മികച്ച അഭിനേതാക്കളായ സൂര്യ, അജയ് ദേവ്ഗൺ, അപർണ ബാലമുരളി, ബിജു മേനോൻ, നഞ്ചിയമ്മ എന്നിവർക്ക് ഈ അർഹമായ അംഗീകാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! കൂടാതെ, തന്റെ അവസാന സംവിധാന മികവിന് മികച്ച സംവിധായകനുള്ള അവാർഡ് നേടിയ പ്രിയ സച്ചിയെ അഭിമാനത്തോടെ ഓർക്കുന്നു” – മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

വിജയികളുടെ പട്ടികയിൽ മലയാള സിനിമ തല ഉയർത്തി നിൽക്കുന്നതിൽ അഭിമാനമുണ്ടെന്നാണ് മമ്മൂട്ടി കുറിച്ചത്. ” അപർണ ബാലമുരളി, ബിജു മേനോൻ, സെന്ന ഹെഗ്‌ഡെ, നഞ്ചിയമ്മ, കൂടാതെ അർഹരായ മറ്റെല്ലാ വിജയികളെ കുറിച്ചോർത്ത് അഭിമാനം. ഈ പ്രത്യേക നിമിഷത്തിൽ അഭിമാനത്തോടെ സച്ചിയെ ഓർക്കുന്നു” എന്നാണ് മമ്മൂട്ടി കുറിച്ചത്.

അതേ സമയം ഹൃദ്യമായ ഒരു കുറിപ്പാണ് ബിജു മേനോനോടൊപ്പം അയ്യപ്പനും കോശിയിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ് പങ്കുവെച്ചത്. സച്ചിയെക്കുറിച്ചുള്ള ഉള്ള് തൊടുന്ന വാക്കുകളാണ് പൃഥ്വിരാജ് കുറിച്ചത്. ‘‘ബിജു ചേട്ടനും നഞ്ചിയമ്മയ്ക്കും അയ്യപ്പനും കോശിയുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. പിന്നെ സച്ചി.. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല. എവിടെയായിരുന്നാലും സന്തോഷവാനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. എന്നും അങ്ങനെയായിരിക്കും’’ പൃഥ്വിരാജ് കുറിച്ചു.

പുരസ്‌ക്കാര ജേതാക്കളായ സൂര്യയേയും ജി.വി. പ്രകാശിനെയും അഭിനന്ദിച്ചു കൊണ്ടാണ് കഴിഞ്ഞ തവണത്തെ മികച്ച നടൻ കൂടിയായിരുന്നു ധനുഷ് ട്വീറ്റ് പങ്കുവെച്ചത്. “എല്ലാ ദേശീയ പുരസ്‌ക്കാര ജേതാക്കൾക്കും വലിയ അഭിനന്ദനങ്ങൾ, പ്രത്യേകിച്ച് സൂര്യ സാറിനും എന്റെ പ്രിയ സുഹൃത്ത് ജി.വി. പ്രകാശിനും. തമിഴ് സിനിമയ്ക്കിത് വലിയ ദിവസമാണ്. ഒരുപാട് അഭിമാനം” ധനുഷ് ട്വിറ്ററിൽ കുറിച്ചു.

Read More: ദേശീയ പുരസ്‌കാര നിറവിൽ സൂര്യയ്ക്ക് ഇന്ന് നാൽപത്തിയേഴാം പിറന്നാൾ

Story Highlights: Superstars wishing national award winners