ദേശീയ പുരസ്‌കാര നിറവിൽ സൂര്യയ്ക്ക് ഇന്ന് നാൽപത്തിയേഴാം പിറന്നാൾ

July 23, 2022

സൂര്യയ്ക്കിത് പ്രത്യേക ജന്മദിനമാണ്. മുൻകൂറായി ദേശീയ പുരസ്കാരമാണ് പിറന്നാൾ സമ്മാനമായി ലഭിച്ചത്. മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി, മികച്ച പശ്ചാത്തല സംഗീതം, മികച്ച തിരക്കഥ എന്നിങ്ങനെ അഞ്ചു പുരസ്‌കാരങ്ങളാണ് സൂരറൈ പോട്ര് സ്വന്തമാക്കിയത്. ദേശീയ തലത്തിൽ തിളങ്ങി നിൽകുമ്പോൾ ഇന്ന് 47 വയസിലേക്ക് കടക്കുകയാണ്.

ആരാധകർക്ക് ഇത് ആവേശത്തിന്റെ നാളുകളാണ്. അൻപതോളം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള നടൻ സൂര്യയ്ക്ക് ഇതാദ്യമായാണ് ദേശീയ പുരസ്കാരം ലഭിക്കുന്നത്. ഒട്ടേറെ ആരാധകരുള്ള സൂര്യ വ്യക്തിജീവിതത്തിലും മാതൃകയാണ്. 2006 ൽ നടി ജ്യോതികയെ വിവാഹം കഴിച്ചു. രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ് സൂര്യയും ജ്യോതികയും. തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളുടെ പട്ടികയിലാണ് ഇപ്പോൾ സൂര്യയുടെ പേര്. ഏകദേശം 25-30 കോടി രൂപയാണ് ഒരു സിനിമയ്ക്ക് സൂര്യ ഈടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം, 2D എന്റർടൈൻമെന്റ് പ്രൊഡക്ഷൻ ഹൗസ്, ടിവി ഹോസ്റ്റിംഗ്, എന്നിവയും സൂര്യയുടെ വരുമാന സ്രോതസ്സിൽ ഉൾപ്പെടുന്നു.

അതേസമയം, സൂര്യയുടെ സൂപ്പർഹിറ്റ് ചിത്രങ്ങളായ സൂരറൈ പോട്ര്, ജയ് ഭീം എന്നിവ താരത്തിന്റെ ജന്മദിനത്തിനോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ തിരഞ്ഞെടുത്ത തിയറ്ററുകളിൽ ജൂലൈ 22 മുതൽ ജൂലൈ 24 വരെ പ്രദർശിപ്പിക്കും. ബിഗ് സ്‌ക്രീനിൽ ഈ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ കാണാൻ സൂര്യയുടെ ആരാധകർ കാത്തിരിക്കുകയാണ്. കാരണം ഇരു ചിത്രങ്ങളും ആമസോൺ പ്രൈമിലൂടെയാണ് ആദ്യം പ്രേക്ഷകരിലേക്ക് എത്തിയത്.

Read Also: നഞ്ചിയമ്മയെ നെഞ്ചിലേറ്റി രാജ്യം; ദേശീയ പുരസ്ക്കാരം പ്രിയപ്പെട്ട സച്ചി സാറിന് സമർപ്പിച്ച് മലയാളികളുടെ അഭിമാന താരകം

സൂര്യ, അപർണ ബാലമുരളി, പരേഷ് റാവൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധ കൊങ്കര പ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് സൂരറൈ പോട്ര്. ആളുകൾക്കായി സ്വന്തമായി എയർലൈൻ സൃഷ്ടിക്കുന്ന ഒരു വ്യവസായിയുടെ കഥയാണ് സിനിമ പങ്കുവെച്ചത്. സംവിധായകൻ ടിജെ ജ്ഞാനവേലിന്റെ ജയ് ഭീം യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. വക്കീൽ ചന്ദ്രു, മോഷണക്കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെടുന്ന ആളുകൾക്കായി നടത്തിയ പോരാട്ടമാണ് ചിത്രം അവതരിപ്പിച്ചത്.

Story highlights- surya’s 47th birthday