ആവേശം ഒട്ടും കുറഞ്ഞിട്ടില്ല; കേരളത്തിൽ വീണ്ടും ‘വാരണം ആയിരം’ മാജിക്!

January 22, 2024

തമിഴകത്തും കേരളത്തിലും ഒരുപോലെ ആരാധകരുള്ള നടനാണ് സൂര്യ. സൂര്യയുടെ ഓരോ ചിത്രം റിലീസ് ആകുമ്പോഴും കേരളത്തിൽ വലിയ ആഘോഷങ്ങൾ നടക്കാറുണ്ട്. അത്തരത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ആരാധകർ ആഘോഷമാക്കിയ ഒരു സൂര്യ ചിത്രമാണ് ‘വാരണം ആയിരം’. കഥ, പാട്ടുകൾ, അഭിനയം, സംവിധാനം എല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്ന ചിത്രം സൂര്യയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലെന്നായി എന്നും എണ്ണപ്പെടും. ഇപ്പോഴിതാ ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. (Massive response for Vaaranam Aayiram re-release in Kerala)

തിരുവനന്തപുരത്തെ ചില തിയറ്ററുകളിലാണ് ചിത്രം പുനപ്രദർശനത്തിനെത്തിയത്. മുൻപ് തമിഴ്‌നാട്ടിലും ചിത്രം റീ-റിലീസ് ചെയ്തിരുന്നു. ജനപ്രീതി ഏറെയുള്ള ചിത്രത്തിന് വൻ വരവേൽപ്പാണ് തലസ്ഥാന നഗരിയിൽ ലഭിച്ചത്. തോരണങ്ങൾ എറിഞ്ഞും സൂര്യയ്‌ക്കൊപ്പം പാട്ടിന് നൃത്തം വെച്ചും ആളുകൾ തിയറ്ററിൽ ആവേശം തീർക്കുന്ന വിഡിയോകൾ ഇതൊനൊടകം വൈറലാണ്. എക്സിലാണ് വിഡിയോകൾ പങ്കുവെച്ചിരിക്കുന്നത്.

2008 നവംബറിൽ പുറത്തിറങ്ങിയ ചിത്രമാണ് വാരണം ആയിരം. ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിലെ മനോഹര ​ഗാനങ്ങൾക്ക് സം​ഗീതം നൽകിയത് ഹാരിസ് ജയരാജ് ആയിരുന്നു. സൂര്യയ്ക്ക് ഒപ്പം സമീറ റെഡ്ഡി, സിമ്രൻ, ദിവ്യ സ്പന്ദന, വീര തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ വേഷമിട്ടിരുന്നു. പതിനഞ്ച് വർഷങ്ങൾക്ക് ശേഷവും ചിത്രത്തിലെ ഗാനങ്ങൾക്ക് ജനപ്രീതി ഏറെയാണ്.

Read also: ഖുറേഷി വരവിനൊരുങ്ങുന്നു; പുത്തൻ അപ്ഡേറ്റുമായി പൃഥ്വിരാജ്!

കങ്കുവയാണ് സൂര്യയുടേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. നടന്റെ മറ്റൊരു ബ്ലോക്ക് ബസ്റ്റർ ചിത്രമാകും കങ്കുവ എന്നാണ് വിവരങ്ങൾ. നിലവില്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്ന ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളിൽ എത്തും.

Story highlights: Massive response for Vaaranam Aayiram re-release in Kerala