ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിന് മുണ്ടുടുത്ത് പരമ്പരാഗത ലുക്കിൽ ധനുഷ്!
‘ദ ഗ്രേ മാൻ’ എന്ന ഹോളിവുഡ് സിനിമ റിലീസിന് തയാറെടുക്കുകയാണ്. ഇന്ത്യൻ വംശജർക്ക് ചിത്രം സ്പെഷ്യലാകുന്നത് അതിലെ തമിഴ് സാന്നിധ്യംകൊണ്ടാണ്. ധനുഷ് ചിത്രത്തിലൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ പ്രത്യേക പ്രീമിയർ ബുധനാഴ്ച രാത്രി മുംബൈയിൽ സംഘടിപ്പിച്ചിരുന്നു. ചിത്രത്തിന്റെ സംവിധായകരും റൂസ്സോ സഹോദരൻമാരുമായ ജോയും ആന്റണി റൂസോയും എത്തിയ പരിപാടിയിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ധനുഷ് ആണ്.
സിനിമയുടെ സംവിധായകരും ഇന്ത്യൻ ചലച്ചിത്രമേഖലയിലെ നിരവധി സെലിബ്രിറ്റികളും അണിനിരന്ന പരിപാടിയിൽ മുണ്ടും ഷർട്ടുമണിഞ്ഞ് പരമ്പരാഗത വേഷത്തിലാണ് നടൻ എത്തിയത്. ഇന്ത്യയിൽ സംഘടിപ്പിച്ച പരിപാടിയിൽ ധനുഷ്പാരമ്പര്യത്തെ മുറുകെപിടിച്ചുവെന്നത് ആരാധകരെയും ആവേശത്തിലാക്കി. വസ്ത്രം തിരഞ്ഞെടുത്ത് ധനുഷ് ശക്തമായ പ്രസ്താവന നടത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെള്ള സിൽക്ക് ഷർട്ടും പരമ്പരാഗത മുണ്ടും ധരിച്ചാണ് അദ്ദേഹം പരിപാടിക്ക് എത്തിയത്. ഫോട്ടോഗ്രാഫർമാരെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
വിക്കി കൗശൽ, ജാക്വലിൻ ഫെർണാണ്ടസ്, ആമിർഖാൻ എന്നിവരും ദി ഗ്രേ മാന്റെ മുംബൈ പ്രീമിയറിൽ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തി.അവഞ്ചേഴ്‌സ് സംവിധായകർ റൂസോ സഹോദരങ്ങളുടെ ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുന്നത്.ചിത്രത്തിൽ ക്രിസ് ഇവാൻസിനും റയാൻ ഗോസ്‌ലിംഗിനുമൊപ്പമാണ് ധനുഷ് വേഷമിടുന്നത്. ചിത്രത്തിൽ നായികയായി വേഷമിടുന്നത് അനാ ഡെ അർമാസാണ്. ഇവർക്ക് പുറമെ വാഗ്നർ മൗറ, ജെസീക്ക ഹെൻവിക്, ജൂലിയ ബട്ടർസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മാർക്ക് ഗ്രീനി എഴുതിയ ദി ഗ്രേ മാൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്രതാരമാണ് ധനുഷ്. പതിനെട്ട് വര്‍ഷത്തോളമായി ചലച്ചിത്രാസ്വാദകര്‍ക്ക് ധനുഷ് പ്രിയതാരമായി മാറിയിട്ട്. 2003-ല്‍ പ്രേക്ഷകരിലേക്കെത്തിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ധനുഷിന്റെ സിനിമാ രംഗത്തേക്കുള്ള പ്രവേശനം.
Story highlights- Dhanush in veshti for The Gray Man’s Mumbai premiere