കാത്തിരിക്കുക, ഇന്ന് വൈകുന്നേരം വമ്പൻ പ്രഖ്യാപനം നടത്താൻ മലയാളത്തിന്റെ ഹിറ്റ് കോംമ്പോ

July 8, 2022

മലയാള സിനിമയിലെ ഹിറ്റ് കോംമ്പോയാണ് ദിലീഷ് പോത്തൻ-ശ്യാം പുഷ്ക്കരൻ-ഫഹദ് ഫാസിൽ കൂട്ടുക്കെട്ട്. മൂവരും ഒരുമിച്ചപ്പോഴൊക്കെ മലയാള സിനിമയ്ക്ക് ലഭിച്ചത് ഏറ്റവും മികച്ച സിനിമകളാണ്. മഹേഷിന്റെ പ്രതികാരത്തിൽ തുടങ്ങിയ കൂട്ടുക്കെട്ടിൽ നിന്നും പിന്നീട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി തുടങ്ങിയ സിനിമകളും പുറത്തു വന്നിരുന്നു.

ഇപ്പോൾ മറ്റൊരു വമ്പൻ പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് മൂവരും. ഇന്ന് 5 മണിക്ക് ലൈവിൽ വരുമെന്ന് പറഞ്ഞു കൊണ്ട് ഇന്നലെ സംവിധായകൻ ദിലീഷ് പോത്തൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഒരു പോസ്റ്ററിൽ മൂന്ന് പേരുടെയും ചിത്രങ്ങൾ വച്ചു കൊണ്ട് ‘സ്റ്റേ ട്യൂൺഡ്’ എന്നാണ് കുറിച്ചിരിക്കുന്നത്. ഈ പോസ്റ്ററാണ് ദിലീഷ് പോത്തനും ഫഹദ് ഫാസിലും പങ്കുവെച്ചിരിക്കുന്നത്.

മൂവരും ഒരുമിക്കുന്ന മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. ജോജിക്ക് ശേഷം ഈ കൂട്ടുക്കെട്ടിൽ നിന്നുള്ള മറ്റൊരു ചിത്രത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ. ശ്യാം പുഷ്ക്കരന്റെ രചനയിൽ ദിലീഷ് പോത്തൻ ഒരുക്കുന്ന മറ്റൊരു ഫഹദ് ഫാസിൽ ചിത്രത്തിന്റെ പ്രഖ്യാപനത്തിനായിട്ടാണ് മൂവരും ഇന്ന് ലൈവിൽ വരാൻ പോകുന്നതെന്നാണ് സിനിമ ആരാധകർ പ്രതീക്ഷിക്കുന്നത്.

അതേ സമയം അന്താരാഷ്ട്ര തലത്തിലും വലിയ അംഗീകാരങ്ങൾ നേടിയെടുത്ത ചിത്രമായിരുന്നു ‘ജോജി.’ ഷേക്‌സ്‌പിയറിന്റെ ‘മാക്ബെത്’ എന്ന വിഖ്യാത ദുരന്ത നാടകത്തെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രം സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അടക്കം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Read More: താരസമ്പന്നമായ മറ്റൊരു ചിത്രമൊരുങ്ങുന്നു; ‘പുഷ്‌പ 2’ വിൽ ഫഹദിനും അല്ലുവിനുമൊപ്പം വിജയ് സേതുപതി അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്

ഈ കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ ദിലീഷ് പോത്തന് മികച്ച സംവിധായകനും ശ്യാം പുഷ്ക്കരന് മികച്ച തിരക്കഥാകൃത്തിനുമുള്ള പുരസ്‌ക്കാരങ്ങൾ നേടികൊടുത്തതും ജോജി തന്നെയാണ്. അതിനാൽ തന്നെ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നിൽ നിന്നും ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ എന്തൊക്കെയാണെന്നുള്ള ആകാംക്ഷയിലാണ് ആരാധകർ.

Story Highlights: Joji team to make big announcement today