“ചേട്ടൻ എന്റെ കൂടെ വന്നോളൂ, എന്റെ സീറ്റിൽ ഇരിക്കാം..”; സഞ്ജു സാംസണിന്റെ കരുതലും സ്നേഹവും അത്ഭുതപ്പെടുത്തിയെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ- വിഡിയോ

July 30, 2022

മലയാളികളുടെ മാത്രമല്ല ഇന്ത്യക്കാരുടെ മുഴുവൻ അഭിമാന താരമാണ് സഞ്ജു സാംസൺ. മികച്ച ബാറ്റിങ്ങിനൊപ്പം ഗ്രൗണ്ടിന് അകത്തും പുറത്തും സഞ്ജു കാഴ്ച്ചവെയ്ക്കുന്ന പക്വതയും കരുതലും പലപ്പോഴും വലിയ രീതിയിൽ ശ്രദ്ധേയമാവാറുണ്ട്. സഞ്ജു ഇത്രത്തോളം ആരാധകർക്ക് പ്രിയപ്പെട്ടവനായതിന് പിന്നിലെ മറ്റൊരു കാരണവും താരത്തിന്റെ ഈ സ്വഭാവ രീതി തന്നെയാണ്.

ഇപ്പോൾ സഞ്ജുവിനെ പുകഴ്‌ത്തി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവർത്തകനായ വിമൽ കുമാർ. സഞ്ജു തന്നോട് കാട്ടിയ സ്നേഹവും കരുതലും തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറയുകയാണ് അദ്ദേഹം. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു വിഡിയോയിലാണ് അദ്ദേഹം ഈ അനുഭവം പങ്കുവെയ്ക്കുന്നത്. രാജസ്ഥാൻ റോയൽസ് ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

“ഇന്ത്യൻ താരങ്ങൾ സൂപ്പർസ്റ്റാറുകൾ ആണെന്നും അഹങ്കാരികളാണെന്നും പൊതുവിൽ ഒരു ധാരണയുണ്ട്. ‘ഹലോ’ പറയാൻ മടിക്കുന്ന താരങ്ങൾക്കിടയിൽ വ്യത്യസ്തനായ ഒരാളെ ഞാൻ കണ്ടുമുട്ടി. ആ താരം എന്നോട് കാണിച്ച സ്നേഹം എങ്ങനെ പറഞ്ഞറിയിക്കണമെന്ന് അറിയില്ല.. അവൻ്റെ പേര് സഞ്ജു സാംസൺ എന്നാണ്.

വെസ്റ്റിൻഡീസ് പരമ്പര നടക്കുന്ന സ്ഥലത്തിന് കിലോമീറ്ററുകൾ അകലെയുള്ള മറ്റൊരു സ്റ്റേഡിയത്തിൽ ഞാൻ നിൽക്കുകയായിരുന്നു. സഞ്ജുവും അവിടെയുണ്ടായിരുന്നു. പരിശീലനം കഴിഞ്ഞ് കയറുന്ന സമയം ഞാൻ അദ്ദേഹത്തെ കണ്ടു സംസാരിച്ചു. ആദ്യ മത്സരം നടക്കുന്ന സ്റ്റേഡിയം ഇവിടെ നിന്നും വളരെ അകലെയാണല്ലോ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഒരുമണിക്കൂറിൽ കൂടുതൽ യാത്ര ചെയ്യണമെന്നും, അവിടെ എത്താൻ ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അറിയിച്ചു.

‘ചേട്ടൻ എൻ്റെ കൂടെ വന്നോളൂ’ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. എന്നെ പരിഹസിക്കുന്നതായാണ് ആദ്യം തോന്നിയത്. എന്നാൽ സഞ്ജു ആത്മാർത്ഥമായാണ് അത് പറഞ്ഞത്. ‘ചേട്ടന് ഞങ്ങളുടെ കൂടെ വരാൻ കഴിയില്ല?’ വളരെ നിഷ്കളങ്കമായി സഞ്ജു വീണ്ടും ചോദിച്ചു. ബിസിസിഐ ചട്ട പ്രകാരം മാധ്യമ പ്രവർത്തകർ അവരുടെ വാഹനങ്ങളിൽ കയറാൻ പാടില്ലെന്ന് ഞാൻ മറുപടി നൽകി..”

“ഞാൻ ഇന്ത്യയിൽ നിന്നാണോ വരുന്നത് അതോ ഇവിടെയാണോ കഴിയുന്നതെന്ന് സഞ്ജു ചോദിച്ചു. ഇന്ത്യയുടെ വെസ്റ്റിൻഡീസ് പരമ്പര റിപ്പോർട്ട് ചെയ്യാൻ വന്ന മാധ്യമ പ്രവർത്തകനാണ് ഞാനെന്ന് സഞ്ജുവിനോട് പറഞ്ഞു. മൂന്നു വർഷം മുൻപ് സഞ്ജുവുമായി ഒരു ഇൻറർവ്യൂ നടത്തിയിട്ടുണ്ടെന്നും എന്നെ മനസ്സിലായോ എന്നും ഞാൻ ചോദിച്ചു. ‘ഇല്ല ചേട്ടാ ഓർമയില്ല’ വളരെ സത്യസന്ധമായി സഞ്ജു മറുപടി നൽകി. തങ്ങൾ ഒരുപാട് അഭിമുഖങ്ങൾ നൽകുന്നതാണെന്നും എന്നെ ഓർമ്മിക്കാൻ ഇടയില്ലെന്നും ഞാൻ പറഞ്ഞു.

“ചേട്ടൻ വരുന്നെങ്കിൽ ഞാൻ എൻറെ സീറ്റിൽ കൂടെ കൊണ്ടുപോകാം എന്ന് സഞ്ജു വീണ്ടും നിർബന്ധിച്ചു. രാഹുൽ ദ്രാവിഡോ, രോഹിത് ശർമയോ അല്ലെങ്കിൽ മറ്റേത് താരം ആവശ്യപ്പെട്ടാലും ജേണലിസ്റ്റുകൾക്ക് ബിസിസിഐയുടെ വാഹനത്തിൽ കയറാൻ പാടില്ലെന്ന് ഞാൻ വീണ്ടും അറിയിച്ചു. സഞ്ജുവിൻ്റെ വാക്കുകൾ കേട്ടപ്പോൾ അവനിൽ ഒരു ലീഡറെയാണ് ഞാൻ കണ്ടത്. രോഹിത് ശർമ്മ, ശിഖർ ധവാൻ എന്നിവരിലുള്ള അതേ ലീഡർഷിപ്പ് ക്വാളിറ്റി സഞ്ജുവിലും ദർശിച്ചു.”

Read More: “കപ്പയും മീനും വേണോ..”; വെസ്റ്റ് ഇൻഡീസിലെ രസകരമായ മലയാളി അനുഭവം പങ്കുവെച്ച് സഞ്ജു സാംസൺ

“ഒരു നേതാവിന് വേണ്ടുന്ന കരുതലും സ്നേഹവും അവനിൽ ഉണ്ട്. ക്രിക്കറ്റിൽ വലിയ വലിയ താരങ്ങൾ ഉണ്ടാവുകയും, പിന്നീട് അവരെ വേഗം മറക്കുകയും ചെയ്യുന്നത് പതിവാണ്. സഞ്ജു എന്ന ക്രിക്കറ്റ് താരത്തെ മറന്നാലും, യഥാർത്ഥ മനുഷ്യൻ എന്ന രീതിയിൽ ഓർമിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. വരുന്ന സീരിയസുകളിൽ മികച്ച പ്രകടനം നടത്താൻ സഞ്ജുവിന് കഴിയട്ടെ. ഒപ്പം ഒരു ദിവസം ഇന്ത്യയുടെ ക്യാപ്റ്റനായി മാറട്ടെയെന്നും പ്രാർത്ഥിക്കുന്നു. ഈ ഓർമ എന്നും എനിക്കൊപ്പമുണ്ടാകും.” വിനയ് കുമാർ വിഡിയോയിൽ പറഞ്ഞു.

Story Highlights: Journalist shares memorable experience with sanju samson