“കപ്പയും മീനും വേണോ..”; വെസ്റ്റ് ഇൻഡീസിലെ രസകരമായ മലയാളി അനുഭവം പങ്കുവെച്ച് സഞ്ജു സാംസൺ

July 21, 2022

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനായി കരീബിയൻ മണ്ണിൽ എത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഇതോടെ വെസ്റ്റ് ഇൻഡീസിലെ മലയാളികളൊക്കെ വലിയ ആവേശത്തിലാണ്. വമ്പൻ വരവേൽപ്പാണ് താരത്തിന് മലയാളി ആരാധകർ കരീബിയൻ മണ്ണിൽ നൽകിയത്.

ഇപ്പോൾ വെസ്റ്റ് ഇൻഡീസിലെ തന്റെ ആദ്യ മലയാളി അനുഭവം പങ്കുവെച്ചിരിക്കുകയാണ് സഞ്ജു. എയർപോർട്ടിൽ നിന്ന് ഇറങ്ങിയ ഉടനെ തന്നെ “കപ്പയും മീനും വേണോ..” എന്ന ചോദ്യമാണ് താൻ കേട്ടതെന്നാണ് സഞ്ജു പറയുന്നത്. ചോദ്യം ചോദിച്ചയാളോടൊപ്പം ഇരുന്നുള്ള വിഡിയോയിലാണ് സഞ്ജു രസകരമായ സംഭവം പങ്കുവെച്ചത്. മഴ ആയത് കാരണം പരിശീലനം നടത്താൻ കഴിയാതെ വന്നതോടെ സ്റ്റേഡിയത്തിലെത്തിയ മലയാളികൾക്കൊപ്പം സമയം ചെലവിടാൻ തീരുമാനിക്കുകയായിരുന്നു താരം. ഈ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

അതേ സമയം സഞ്ജുവും ഭാര്യയും എയർപോർട്ടിന് പുറത്തേക്കിറങ്ങുന്നതിന്റെ മറ്റൊരു വിഡിയോയും ഇപ്പോൾ ആരാധകരുടെയിടയിൽ ശ്രദ്ധേയമാവുന്നുണ്ട്. ‘സഞ്ജു ചേട്ടാ നമ്മള് ഗ്രൗണ്ടിൽ കാണും, പൊളിച്ചേക്കണേ’ എന്നാണ് സഞ്ജുവിനെ എതിരേറ്റ മലയാളികൾ പറഞ്ഞത്. ഇതിന് സഞ്ജു മറുപടിയും പറയുന്നുണ്ട്.

Read More: ഷാംപെയ്ൻ ആക്രമണവുമായി കോലിയും ധവാനും, ‘രക്ഷപ്പെടാൻ’ കഴിയാതെ രോഹിത്- വൈറലായി ടീം ഇന്ത്യയുടെ വിജയാഘോഷം

വിക്കറ്റ് കീപ്പർ ബാറ്ററായിട്ടാണ് സഞ്ജുവിനെ വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത് അടക്കമുള്ള പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ ശിഖർ ധവാനാണ് ടീമിനെ നയിക്കുന്നത്. രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനാവുന്ന പരമ്പരയിൽ സഞ്ജുവിനൊപ്പം ഇഷാൻ കിഷനെയും വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Story Highlights: Sanju samson shares his malayali experience in west indies