ഷാംപെയ്ൻ ആക്രമണവുമായി കോലിയും ധവാനും, ‘രക്ഷപ്പെടാൻ’ കഴിയാതെ രോഹിത്- വൈറലായി ടീം ഇന്ത്യയുടെ വിജയാഘോഷം

July 18, 2022

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ തകർപ്പൻ വിജയം നേടിയതോടെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ആദ്യ രണ്ട് ഏകദിനങ്ങളിൽ ഇരു ടീമുകളും ഓരോ വിജയം നേടിയതോടെ മൂന്നാം ഏകദിനത്തിലെ വിജയം ഇരു ടീമുകൾക്കും അനിവാര്യമായിരുന്നു. ഹർദിക് പാണ്ഡ്യയുടെ ഓൾ റൗണ്ട് പ്രകടനത്തിന്റെയും ഋഷഭ് പന്തിന്റെ സെഞ്ചുറിയുടെയും പിൻബലത്തിലാണ് മൂന്നാം ഏകദിനത്തിൽ ഇന്ത്യ വിജയിച്ചത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 259 റൺസ് എടുത്ത് ഓൾ ഔട്ട് ആയപ്പോൾ 42.1 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. 113 പന്തിൽ 125 റൺസെടുത്ത ഋഷഭ് പന്താണ് പ്ലെയർ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. പന്തിന്റെ ഏകദിനത്തിലെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്. 4 വിക്കറ്റെടുത്ത് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് തകർത്ത ഹർദിക് പാണ്ഡ്യ പിന്നീട് 71 റൺസ് അടിച്ചെടുത്ത് പന്തിന് മികച്ച പിന്തുണ നൽകുകയും ചെയ്‌തു.

ഇപ്പോൾ ഇന്ത്യൻ ടീമിന്റെ വിജയാഘോഷമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഷാംപെയ്ൻ പൊട്ടിച്ചാണ് ഇന്ത്യൻ ടീമംഗങ്ങൾ വിജയം ആഘോഷിച്ചത്. ഷാംപെയ്ൻ ആക്രമണത്തിൽ നിന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശിഖർ ധവാൻ താരത്തിന് മേൽ ഷാംപെയ്ൻ ഒഴിക്കുകയായിരുന്നു. പിന്നീട് മുൻ നായകൻ വിരാട് കോലി ശിഖർ ധവാന് മേൽ ഷാംപെയ്ൻ ഒഴിക്കുകയും ചെയ്‌തു.

Read More: പന്ത് തട്ടി പരിക്കേറ്റ കുട്ടിയെ കാണാൻ ഇന്ത്യൻ നായകനെത്തി; ജേഴ്‌സി സമ്മാനം നൽകി ഇംഗ്ലണ്ട് ടീം

അതേ സമയം പ്ലെയർ ഓഫ് ദ് മാച്ചായ തനിക്ക് കിട്ടിയ ഷാംപെയ്ൻ മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിക്ക് സമ്മാനിക്കുകയായിരുന്നു ഋഷഭ് പന്ത്. ഇതോടെ നിരവധി ആരാധകരാണ് പന്തിനെ പുകഴ്‌ത്തി രംഗത്ത് വന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ പരമ്പര വിജയവും വിജയാഘോഷവും വലിയ ആവേശമാണ് ആരാധകർക്ക് നൽകിയിരിക്കുന്നത്.

Story Highlights: Indian team winning celebration goes viral