പന്ത് തട്ടി പരിക്കേറ്റ കുട്ടിയെ കാണാൻ ഇന്ത്യൻ നായകനെത്തി; ജേഴ്‌സി സമ്മാനം നൽകി ഇംഗ്ലണ്ട് ടീം

July 14, 2022

ഇംഗ്ലണ്ടിനെതിരെ ഓവലിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ മികച്ച ഫോമിലായിരുന്നു ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. അഞ്ച് സിക്‌സറുകളും ഏഴ് ബൗണ്ടറികളും ഉൾപ്പടെ 76 റൺസാണ് രോഹിത് അടിച്ചെടുത്തത്. പത്ത് വിക്കറ്റിന്റെ വമ്പൻ വിജയമാണ് മത്സരത്തിൽ ഇന്ത്യ നേടിയത്.

മത്സരത്തിനിടയിൽ നടന്ന ഒരു സംഭവം ശ്രദ്ധേയമായി മാറിയിരുന്നു. തന്റെ ട്രേഡ് മാർക്ക് ഷോട്ടായ പുൾ ഷോട്ടിലൂടെ രോഹിത് ഒരു സിക്‌സർ നേടിയിരുന്നു. ഗാലറിയിൽ കളി കാണുകയായിരുന്നു ഒരു കുഞ്ഞാരാധികയുടെ ദേഹത്താണ് പന്ത് പതിച്ചത്. പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മത്സരം അൽപ സമയത്തേക്ക് നിർത്തി വയ്ക്കുകയായിരുന്നു. ഇംഗ്ലണ്ട് ടീമിന്റെ മെഡിക്കൽ ടീം പെട്ടെന്ന് തന്നെ പെൺകുട്ടിക്കാവശ്യമായ വൈദ്യ സഹായം ചെയ്‌തു നൽകിയിരുന്നു.

മത്സരത്തിന് ശേഷം രോഹിത് ശർമ്മ പെൺകുട്ടിയെ കാണാൻ എത്തിയിരുന്നു. മീര സാൽവിയെന്ന കുഞ്ഞാരാധികയുടെ ആരോഗ്യത്തെ പറ്റി അന്വേഷിച്ച ഇന്ത്യൻ നായകൻ കുട്ടിക്ക് ഒരു ചോക്ലറ്റ് സമ്മാനമായി നൽകിയെന്നും പറയപ്പെടുന്നു. അതേ സമയം ആറ് വയസ്സുകാരിയായ പെൺകുട്ടിക്ക് ഇംഗ്ലണ്ട് ടീം ജേഴ്‌സിയാണ് സമ്മാനമായി നൽകിയത്.

Read More: ‘സ്വാഗതം വിക്ടർ..’; കാളക്കൊമ്പന്മാരുടെ നാട്ടിൽ നിന്നൊരു താരം; കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ വിദേശ താരം സ്പെയിനിൽ നിന്ന്

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ടീം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 110 റൺസിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ടീം 18.4 ഓവറിൽ ലക്ഷ്യം നേടുകയായിരുന്നു. 76 റൺസ് നേടിയ രോഹിത് ശർമ്മയും 31 റൺസെടുത്ത ശിഖർ ധവാനും ചേർന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 19 റൺസ് മാത്രം വിട്ടുകൊടുത്ത് ഇംഗ്ലണ്ടിന്റെ 6 വിക്കറ്റുകൾ പിഴുത ജസ്പ്രീത് ബുമ്രയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

Story Highlights: Rohith sharma visits injured little fan after match